തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കരട് നിർദ്ദേശങ്ങൾ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നാണ് സൂചന. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് നയത്തിൽ ‘ഉത്തരവാദിത്ത മദ്യപാനത്തിനാണ്’ പ്രധാനമായും ഊന്നൽ നൽകുന്നത്.
പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകില്ലെങ്കിലും അവയുടെ പ്രവർത്തനരീതിയിലും രൂപഘടനയിലും വലിയ മാറ്റങ്ങൾ വരും. ഔട്ട്ലെറ്റുകളുടെ രൂപഘടന ഏകീകരിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ സൗകര്യത്തിന് മുൻഗണന നൽകി സെൽഫ് ഹെൽപ് കൗണ്ടറുകൾക്ക് പ്രാധാന്യം നൽകും. കൂടാതെ, ബെവ്കോ ഔട്ട്ലെറ്റുകളുടെയും വെയർഹൗസുകളുടെയും നടത്തിപ്പിന് താല്പര്യമുള്ള സഹകരണ സംഘങ്ങൾക്ക് മുൻഗണന നൽകാനും, ചില്ലറ വിൽപ്പനയിൽ അവയുടെ പങ്കാളിത്തം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. കള്ള് ചെത്ത് മേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്.
സർക്കാർ സമീപനങ്ങളിൽ ചട്ടങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥതലത്തിൽ കാലതാമസമുണ്ടാകുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് മദ്യനയം ഇനി വൈകിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എക്സൈസ് വകുപ്പും സർക്കാരും എത്തിയത്.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിലും നികുതി നിരക്കിലും യു.ഡി.എഫ് ഉപസമിതിയുടെ തീരുമാനത്തിന് ശേഷമായിരിക്കും നയപരമായ നിലപാട് സ്വീകരിക്കുക. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച് നിശ്ചയിച്ച വി.ഡി. സതീശന്റെ മുൻ തീരുമാനം കോൺഗ്രസിനുള്ളിൽ തന്നെ വലിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ഇടയാക്കിയിരുന്നു. തുടർന്ന് വിഷയം യു.ഡി.എഫ് ഉപസമിതിക്ക് വിട്ടാണ് വിവാദത്തിന് താൽക്കാലിക വിരാമമിട്ടത്. എന്നാൽ ഇതുവരെ ഉപസമിതി രൂപീകരിക്കുകയോ നികുതി നിരക്കിൽ അന്തിമ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തുടർ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് എക്സൈസ് മന്ത്രിയുടെ നിലപാട്.

