കൊച്ചി: റോഡ് അപകടങ്ങളും അപകടമരണങ്ങളും കുറച്ച് സുരക്ഷിതമായ യാത്രാസംസ്കാരം വളർത്തിയെടുക്കുന്നതിനായി അടുത്ത ആറുമാസക്കാലം കർശന നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എറണാകുളം ടൗൺ ഹാളിൽ ഗതാഗത വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ പദ്ധതിയായ ‘ജീവ സുയാത്ര മിഷൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് അപകടങ്ങളുടെ കാര്യത്തിൽ കേരളം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദിവസവും നിരവധി ജീവനുകളാണ് നിരത്തുകളിൽ പൊലിയുന്നത്. കുട്ടികളും യുവാക്കളും കുടുംബത്തിന്റെ ഏക ആശ്രയമായവരും അപകടങ്ങളിൽ ഇരകളാകുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവൻ ദുരിതമനുഭവിക്കേണ്ടിവരുന്നവരും നിരവധിയാണ്. ഈ സാഹചര്യം മാറ്റാൻ സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണ്.
റോഡ് സുരക്ഷ ഗതാഗത വകുപ്പിന്റെയോ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും, ഓരോ പൗരനും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമങ്ങൾ പാലിക്കുന്നതും മറ്റുള്ളവരുടെ ജീവന് വിലകൽപ്പിക്കുന്നതും ജീവിതശൈലിയുടെ ഭാഗമാകണം. നിയമലംഘനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും, ഇത്തരം നിയമനടപടികളിൽ ജനപ്രതിനിധികളോ മറ്റാരെങ്കിലുമോ ശുപാർശകളുമായി ഇടപെടരുതെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.
മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഗതാഗത സിഗ്നലുകളും നിയമങ്ങളും ലംഘിക്കൽ തുടങ്ങിയ പ്രവണതകൾ ശക്തമായി നിയന്ത്രിക്കണം. നിയമലംഘകർക്ക് പിഴ ചുമത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാകരുത്; ആവശ്യമെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതും സുരക്ഷിത യാത്രയുടെ ഭാഗമാകണം. വിദേശരാജ്യങ്ങളിൽ വാഹനമോടിക്കുമ്പോൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മലയാളികൾ സ്വന്തം നാട്ടിലും അതേ ഉത്തരവാദിത്വബോധം പുലർത്തണം. നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം. അടുത്ത ആറുമാസം ശക്തമായ പരിശോധനകൾ തുടർന്നാൽ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ മികച്ച റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിവർഷം റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ഏതാനും വർഷങ്ങൾക്കുള്ളിൽ പകുതിയായി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ മിഷന്റെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. ശിക്ഷാനടപടികൾക്ക് അപ്പുറം ജനങ്ങളെ ബോധവൽക്കരിച്ച് മികച്ച ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് മിഷൻ മുൻഗണന നൽകുന്നത്. ‘എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്’ എന്ന ആശയത്തിലൂന്നി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും സർക്കാരിന്റെ നേതൃത്വത്തിൽ നിയമനടപടികളും ശക്തമാക്കും. വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കുകയും കേരളത്തിന്റെ കണ്ണീരൊപ്പുകയും ചെയ്യുന്ന ദൗത്യമായി ഈ മിഷൻ മാറുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ പ്രതിവർഷം റോഡപകടങ്ങളിൽ 3,500 മുതൽ 4,000 വരെ പേർ മരിക്കുന്നത് വലിയ ദുരന്തമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. റോജി എം. ജോൺ പറഞ്ഞു. നൂറ്റാണ്ടിലെ വലിയ ദുരന്തങ്ങളായി കണക്കാക്കുന്ന പ്രളയങ്ങളിലും ഉരുൾപൊട്ടലുകളിലും നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ജീവനുകളാണ് ഓരോ വർഷവും റോഡുകളിൽ നഷ്ടമാകുന്നത്. നിരത്തുകൾ സുരക്ഷിതമായ യാത്രയിടങ്ങളാക്കി മാറ്റാൻ ‘ജീവ സുയാത്ര മിഷന്’ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഐ.എ.എസ്, സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി ഐ.പി.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാർ ഐ.പി.എസ്, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി കമ്മീഷണർ ഐ.ജി.പി എസ്. സതീഷ് ബിനോ ഐ.പി.എസ്, വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

