അടുക്കളയിൽ നിന്ന് അന്താരാഷ്ട്ര വേദിയിലേക്ക്; ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിൽ രുചിപ്പെരുമയുമായി കേരളത്തിന്റെ വനിതാ ഭക്ഷണശാലകൾ

ന്യൂഡൽഹി: ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിൽ സന്ദർശകരുടെ മനംകവർന്ന് കേരളത്തിന്റെ തനത് ഭക്ഷണശാലകൾ. മേള രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ തന്നെ മലയാളത്തിന്റെ കൊതിയൂറും രുചിപ്പെരുമ തേടി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം നിരവധി പേരാണ് കേരള പവിലിയനിലെ ഫുഡ്കോർട്ടുകളിലേക്ക് എത്തുന്നത്. ‘എക്സ്പീരിയൻസ് ദി ടേസ്റ്റ് ഓഫ് കേരള’ എന്ന മുദ്രാവാക്യമുയർത്തി കുടുംബശ്രീയും സാഫും (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ) ഒരുക്കിയിരിക്കുന്ന ഭക്ഷണശാലകൾ സ്ത്രീശാക്തീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും വേറിട്ട മാതൃക കൂടിയായി മാറുകയാണ്.

കാറ്ററിംഗ് ഏജൻസികൾക്ക് കരാർ നൽകാതെ, ഗുണഭോക്താക്കളായ വനിതകൾ തന്നെ നേരിട്ടാണ് ഈ ഫുഡ്കോർട്ടുകൾ പൂർണ്ണമായും നടത്തുന്നത് എന്നതാണ് പ്രധാന സവിശേഷതയെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മുജീബ് വ്യക്തമാക്കി. കേരളത്തിന്റെ തനത് വിഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്താൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് എറണാകുളം ചെറായി ബീച്ചിൽ നിന്നെത്തിയ സാഫ് ഫുഡ്കോർട്ട് അംഗം സബിത പറഞ്ഞു.

കടലോളം രുചിയും കനലോളം പരിശുദ്ധിയും എന്ന മുദ്രാവാക്യവുമായാണ് സാഫിന്റെ ഭക്ഷണശാല സന്ദർശകരെ വരവേൽക്കുന്നത്. തൃശൂർ ജില്ലയിലെ അഴീക്കോട്, വലപ്പാട്, എറണാകുളം ജില്ലയിലെ ചെറായി, വാരാപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള വനിതകളാണ് ഇവിടെ വിഭവങ്ങൾ തയ്യാറാക്കുന്നത്. മീൻകറിയോടുകൂടിയ സാധാരണ ഊണ്, 14 വിഭവങ്ങൾ അടങ്ങിയ സ്പെഷ്യൽ പ്ലാറ്റർ, 20 ഇനം മത്സ്യവിഭവങ്ങൾ ഉൾപ്പെടുന്ന സീഫുഡ് കോംബോ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഇതിനുപുറമെ ഫിഷ് കട്ട്‌ലറ്റ്, ഫിഷ് റോൾസ് തുടങ്ങിയ നാടൻ പലഹാരങ്ങളും ലഭ്യമാണ്. ഞണ്ട്, ചെമ്മീൻ, ആവോലി, നെയ്മീൻ, തിലാപ്പിയ, കരിമീൻ എന്നിവയ്ക്കാണ് സന്ദർശകർക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെന്ന് സാഫ് നോഡൽ ഓഫീസർ ഡോ. ശിവപ്രസാദ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ എടപ്പാളിൽ നിന്നുള്ള തൃപ്തി യൂണിറ്റാണ് കുടുംബശ്രീ ഫുഡ്കോർട്ടിൽ കേരളീയ രുചികൾ ഒരുക്കുന്നത്. മലബാർ വിഭവങ്ങൾക്കും കേരളത്തിന്റെ തനത് കുത്തരിച്ചോറിനും നാടൻ കറികൾക്കുമാണ് ഉത്തരേന്ത്യക്കാരടക്കമുള്ള സന്ദർശകർക്കിടയിൽ പ്രിയമേറെയുള്ളത്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ പുതിയ കേരളീയ വിഭവങ്ങൾ പരിചയപ്പെടുത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ രുചിയോർമ്മകൾ തേടി മേളയുടെ ആദ്യദിവസം തന്നെ സന്ദർശകർ കേരള ഫുഡ്സ്റ്റാൾ അന്വേഷിച്ചെത്തിയതായി കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് അശ്വതി എസ്.എസ്. പറഞ്ഞു. പ്രോഗ്രാം മാനേജർ ഷൈജു, സംസ്ഥാന മിഷൻ ഓഫീസർ പ്രിജി എന്നിവരാണ് കുടുംബശ്രീ ഫുഡ്സ്റ്റാളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *