ന്യൂയോർക്ക്: വധശിക്ഷയുടെ ഉപയോഗം ആഗോളതലത്തിൽ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. 2026 നവംബർ 13 വെള്ളിയാഴ്ച നടന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിലെ വോട്ടെടുപ്പിലാണ് ഇന്ത്യ പ്രമേയത്തെ എതിർത്തത്. 193 അംഗങ്ങളുള്ള പൊതുസഭയിൽ മെക്സിക്കോ അവതരിപ്പിച്ച പ്രമേയത്തെ 133 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ 33 രാജ്യങ്ങൾ എതിർത്തു. 16 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഇന്ത്യക്കൊപ്പം അമേരിക്ക, ചൈന, പാകിസ്ഥാൻ, ഇറാൻ, ജപ്പാൻ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ്, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, മാലിദ്വീപ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.
വധശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി മരവിപ്പിക്കണമെന്നും, ഭാവിയിൽ വധശിക്ഷ പൂർണ്ണമായി ഇല്ലാതാക്കുന്നതിനുള്ള നടപടികളിലേക്ക് രാജ്യങ്ങൾ നീങ്ങണമെന്നുമായിരുന്നു പ്രമേയത്തിന്റെ പ്രധാന ആവശ്യം. കൂടാതെ, വധശിക്ഷ നിലനിർത്തുന്ന രാജ്യങ്ങൾ അതിന്റെ ഉപയോഗം ക്രമേണ പരിമിതപ്പെടുത്തണമെന്നും, കുറ്റകൃത്യം നടന്ന സമയത്ത് 18 വയസ്സിന് താഴെയായിരുന്നവർക്ക് വധശിക്ഷ നൽകരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഗർഭിണികൾ, മാനസികമോ ബൗദ്ധികമോ ആയ വൈകല്യങ്ങളുള്ളവർ, പ്രായമായവർ തുടങ്ങിയവർക്കെതിരായ വധശിക്ഷയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും പ്രമേയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിനകം വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങൾ അത് വീണ്ടും കൊണ്ടുവരരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.
അതേസമയം, സ്വന്തം രാജ്യത്തെ ക്രിമിനൽ നിയമങ്ങളും ശിക്ഷാവിധികളും നിശ്ചയിക്കാനുള്ള പരമാധികാരം ഓരോ രാജ്യത്തിനുമുണ്ടെന്ന നിലപാടിലാണ് ഇന്ത്യ പ്രമേയത്തെ എതിർത്തത്. രാജ്യത്ത് ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ’ കേസുകളിൽ മാത്രമാണ് കൃത്യമായ നിയമനടപടികൾക്കും മേൽക്കോടതികളുടെ പരിശോധനയ്ക്കും ശേഷം വധശിക്ഷ വിധിക്കുന്നതെന്ന് ഇന്ത്യ യു.എന്നിൽ വ്യക്തമാക്കി.

