കൊച്ചി: മൂന്നു പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനായി. സുഹൈലിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കേസിലെ രണ്ടും മൂന്നും പ്രതികൾക്കൊപ്പം ജാമ്യം ലഭിച്ചിരുന്നെങ്കിലും, സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടിവയ്ക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഒക്ടോബർ 11-ന് അറസ്റ്റിലായ സുഹൈൽ ഒരു മാസവും അഞ്ചു ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തിലാണ് സുഹൈൽ സജീവ് ഓടിച്ച മിനികൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്നു പേർ മരണമടഞ്ഞത്. സംഭവത്തിൽ സുഹൈലിനെയും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും തള്ളിയിരുന്നു. തുടർന്നാണ് പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

