മെൽബൺ സി.ബി.ഡിയിലെ ഹോട്ടലുകളിലും കഫേകളിലും മിന്നൽ പരിശോധന; വേതന തട്ടിപ്പും നികുതി വെട്ടിപ്പും കണ്ടെത്താൻ സംയുക്ത നീക്കം

മെൽബൺ: മെൽബൺ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ മുപ്പതിലധികം കഫേകൾ, റെസ്റ്റോറന്റുകൾ, ടേക്ക് എവേ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നികുതി-തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. തൊഴിലാളികൾക്ക് അർഹമായ വേതനം നൽകാതിരിക്കുക, രേഖകളില്ലാതെ നേരിട്ട് പണമായി വേതനം നൽകുക , നികുതി-സൂപ്പർആനുവേഷൻ ബാധ്യതകൾ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

‘ഓപ്പറേഷൻ റെസൊണൻസ്’ എന്ന പേരിൽ മൂന്ന് ദിവസം നീണ്ടുനിന്ന സംയുക്ത പരിശോധനയിൽ ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് , ഫെയർ വർക്ക് ഓംബുഡ്‌സ്മാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച രഹസ്യവിവരങ്ങൾ, ഡാറ്റാ പരിശോധനകൾ, മുൻകാല അന്വേഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ഓസ്‌ട്രേലിയയുടെ നികുതി-തൊഴിൽ നിയമങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങളെയാണ് അധികൃതർ പ്രധാനമായും നിരീക്ഷിക്കുന്നത്.

യുവാക്കളും, അന്താരാഷ്ട്ര വിദ്യാർഥികളും വിസ ഉടമകളും ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികളും ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലയായതിനാലാണ് ഹോസ്പിറ്റാലിറ്റി രംഗത്ത് പരിശോധന കർശനമാക്കിയത്. തൊഴിലുടമകൾ ജീവനക്കാർക്ക് കൃത്യമായ വേതനം നൽകുന്നുണ്ടോ എന്നും നിയമപ്രകാരമുള്ള തൊഴിൽ രേഖകൾ സൂക്ഷിക്കുന്നുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിച്ചതായി ഫെയർ വർക്ക് ഓംബുഡ്‌സ്മാൻ അന്ന ബൂത്ത് അറിയിച്ചു. തൊഴിൽ നിയമലംഘനങ്ങൾ ഏറ്റവും കൂടുതൽ നടക്കാൻ സാധ്യതയുള്ള മേഖലകളായി ഫാസ്റ്റ് ഫുഡ് ശാലകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയെ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ മറ്റ് ജീവനക്കാർക്കുള്ള അതേ തൊഴിൽ അവകാശങ്ങൾ വിസ ഉടമകൾക്കും ഉണ്ടെന്നും, ചൂഷണം നേരിടേണ്ടി വന്നാൽ സഹായം തേടാവുന്നതാണെന്നും അന്ന ബൂത്ത് ഓർമ്മിപ്പിച്ചു. 2025–26 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിൽ നടത്തിയ കർശന നടപടികളിലൂടെ 3,538 തൊഴിലാളികൾക്കായി 5.6 ദശലക്ഷം ഡോളറിലധികം കുടിശ്ശിക തിരിച്ചുപിടിക്കാൻ ഫെയർ വർക്ക് ഓംബുഡ്‌സ്മാന് സാധിച്ചിട്ടുണ്ട്.

വരുമാനം മറച്ചുവെക്കുക, ജീവനക്കാർക്ക് രേഖകളില്ലാതെ പണമായി ശമ്പളം നൽകുക, സൂപ്പർആനുവേഷൻ വിഹിതം അടയ്ക്കാതിരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് എ.ടി.ഒ (ATO) പ്രത്യേകം അന്വേഷിക്കുന്നത്. നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്ഥാപനങ്ങൾ നിയമം പാലിച്ച് പ്രവർത്തിക്കുന്ന മറ്റ് വ്യാപാരികൾക്ക് മേൽ അന്യായമായ മേൽക്കൈ നേടാൻ ശ്രമിക്കുകയാണെന്ന് എ.ടി.ഒ അസിസ്റ്റന്റ് കമ്മീഷണർ ജൂലിയ വെബ് പറഞ്ഞു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനും തൊഴിലാളികളെയും നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യാപാരികളെയും സംരക്ഷിക്കാനുമാണ് ഈ പരിശോധന ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ‘ഷാഡോ ഇക്കോണമി ടാസ്‌ക്ഫോഴ്‌സിന്റെ’ വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.

മെൽബണിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെയോ സ്ഥാപനങ്ങളുടെയോ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഡിറ്റുകൾ, പുനരവലോകനങ്ങൾ, നിയമനടപടികൾ എന്നിവ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുറഞ്ഞ വേതനമോ തൊഴിൽ ചൂഷണമോ നേരിടുന്ന തൊഴിലാളികൾക്ക് സഹായത്തിനായി ഫെയർ വർക്ക് ഓംബുഡ്‌സ്മാനെ സമീപിക്കാവുന്നതാണ്. നികുതി വെട്ടിപ്പും അനധികൃത സാമ്പത്തിക ഇടപാടുകളും സംശയിക്കുന്നവർക്ക് എ.ടി.ഒയുടെ ഓൺലൈൻ ടിപ്പ്-ഓഫ് സേവനം വഴി വിവരങ്ങൾ കൈമാറാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *