മെൽബൺ: ഓസ്ട്രേലിയയിലെ ഏറ്റവും ജനപ്രിയവും പ്രമുഖവുമായ ഹാർഡ്വെയർ ശൃംഖലയായ ബണ്ണിംഗ്സ് രാജ്യത്തെ 350 സാങ്കേതിക തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. കമ്പനിയുടെ 850 പേരടങ്ങുന്ന ടെക്നോളജി വിഭാഗത്തിൽ നിന്ന് 40 ശതമാനത്തിലധികം ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ഇതിൽ 230 സ്ഥിരം ജീവനക്കാരുടെ തസ്തികകൾ റദ്ദാക്കുകയും 120 കരാർ ജീവനക്കാരെ ഒഴിവാക്കുകയും ചെയ്യും.
ചെലവ് ചുരുക്കുന്നതിന്റെയും സാങ്കേതികവിദ്യ നവീകരിക്കുന്നതിന്റെയും ഭാഗമായി ഇന്ത്യൻ ഐ.ടി ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടി.സി.എസ്) ബണ്ണിംഗ്സ് പുതിയ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയയിൽ നിന്ന് ഒഴിവാക്കുന്ന ജോലികൾ ഇന്ത്യയിലേക്കും ഫിലിപ്പീൻസിലേക്കും മാറ്റും. കൂടാതെ, ഉപഭോക്തൃ സേവനങ്ങൾക്കായി ‘ബഡ്ഡി’ പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
അടുത്ത മാസം മുതൽ ആരംഭിക്കുന്ന ഈ നടപടികൾ അടുത്ത വർഷം ജൂൺ വരെ തുടരും. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുന്നതിന് ഈ മാറ്റം അനിവാര്യമാണെന്ന് ബണ്ണിംഗ്സ് മാനേജിംഗ് ഡയറക്ടർ മൈക്ക് ഷ്നൈഡർ വ്യക്തമാക്കി. അതേസമയം, വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും പ്രാദേശിക വ്യവസായങ്ങളെ സംരക്ഷിക്കുന്നതിൽ ഓസ്ട്രേലിയൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളുമാണ് വൻകിട കമ്പനികളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നതെന്ന വിമർശനവും ശക്തമാണ്. ക്രിസ്മസിന് തൊട്ടുമുമ്പുണ്ടായ ഈ പ്രഖ്യാപനം ഓസ്ട്രേലിയൻ തൊഴിൽ വിപണിയിലും പ്രവാസി മലയാളി സമൂഹത്തിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

