അഭിരാം കൊലക്കേസ്: ബെൽറ്റും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കിണറ്റിൽനിന്ന് കണ്ടെടുത്തു

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പ്ലസ് ടു വിദ്യാർഥിയായിരുന്ന 17കാരൻ എം.ഡി. അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബെൽറ്റ്, അഭിരാമിന്റെ മൊബൈൽ ഫോൺ, ഷർട്ട്, കഴുത്തിലുണ്ടായിരുന്ന വെള്ളിമാല എന്നിവയാണ് സമീപത്തെ കിണറ്റിൽനിന്ന് കണ്ടെടുത്തത്. രണ്ടാം പ്രതി ഉമർ മുഫ്താറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പിന്നാലെയാണ് നിർണായക കണ്ടെത്തൽ.

കൊലപാതകം നടന്ന ആളൊഴിഞ്ഞ പ്രദേശത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു സാധനങ്ങൾ. പ്രതികൾ ആദ്യം നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ സമീപത്തെ തോട്ടിലും കുറ്റിക്കാട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഉമർ ആവർത്തിച്ച് കാണിച്ച സ്ഥലങ്ങളിൽ സംശയം തോന്നിയ അന്വേഷണസംഘം സമീപത്തെ മറ്റൊരു കിണർ പരിശോധിക്കുകയായിരുന്നു.

കിണറ്റിലെ വെള്ളം വറ്റിച്ചശേഷം കഴക്കൂട്ടം അഗ്നിരക്ഷാസേനയുടെയും ചെങ്കൽചൂളയിൽനിന്നുള്ള സ്കൂബാ സംഘത്തിന്റെയും സഹായത്തോടെയാണ് സാധനങ്ങൾ പുറത്തെടുത്തത്. അഭിരാമിന്റെ ബന്ധുക്കൾ എത്തി ഷർട്ട് ഉൾപ്പെടെയുള്ള വസ്തുക്കൾ തിരിച്ചറിഞ്ഞു. കേസിൽ നേരത്തെ കണ്ടെത്താൻ കഴിയാതിരുന്ന പ്രധാന തൊണ്ടിമുതലുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ് രണ്ടാം പ്രതിയായ ഉമറിന്റേതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബെൽറ്റ് കണ്ടെത്തിയതോടെ കൊലപാതകത്തിൽ ഉമറിന്റെ പങ്ക് തെളിയിക്കുന്നതിൽ അന്വേഷണത്തിന് കൂടുതൽ സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.

പ്രതികൾ തുടക്കംമുതൽ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയിരുന്നത്. മൊബൈൽ ഫോണുകളും മറ്റ് തെളിവുകളും സമീപത്തെ തെറ്റിയാർ തോട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു ആദ്യ മൊഴി. പിന്നീട് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നു മൊഴി മാറ്റി. ഇതേത്തുടർന്ന് വിവിധയിടങ്ങളിൽ വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കേസിൽ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതി ഉമർ മുഫ്താറും ഉൾപ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. വ്യക്തിവൈരാഗ്യത്തെത്തുടർന്ന് മറ്റൊരു യുവാവിനെ ലക്ഷ്യമിട്ട് പ്രതികൾ ആസൂത്രണം ചെയ്ത നീക്കത്തിനിടെയാണ് അഭിരാം കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ലക്ഷ്യമിട്ട യുവാവിനെ സ്ഥലത്തെത്തിക്കാൻ അഭിരാമിനോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

കണ്ടെടുത്ത മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനയിലൂടെ സന്ദേശങ്ങളും മറ്റ് ഡിജിറ്റൽ വിവരങ്ങളും വീണ്ടെടുക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇവ കേസിലെ ഗൂഢാലോചന, പ്രതികളുടെ പരസ്പരബന്ധം, കൊലപാതകത്തിനു മുമ്പും ശേഷവുമുള്ള നീക്കങ്ങൾ എന്നിവ വ്യക്തമാക്കാൻ സഹായിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

നിർണായക തെളിവുകൾ ലഭിച്ചതോടെ കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *