കേംബ്രിജ് നിഘണ്ടുവിന്റെ 2026ലെ വാക്കായി ‘ഹ്യൂമൻ’; നിർമിതബുദ്ധിയുടെ വളർച്ചയും മനുഷ്യന്റെ പ്രസക്തിയും ചർച്ചയാകുന്നു

ലണ്ടൻ: കേംബ്രിജ് നിഘണ്ടു 2026ലെ വാക്കായി (Word of the Year) ‘ഹ്യൂമൻ’ (Human) തിരഞ്ഞെടുത്തു. നിർമിതബുദ്ധിയുടെ (എഐ) അതിവേഗ വളർച്ച മനുഷ്യനും യന്ത്രവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും മനുഷ്യന്റെ തനതായ സവിശേഷതകളെക്കുറിച്ചും ആഗോളതലത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്.

മനുഷ്യർക്കുള്ള ഗുണങ്ങൾ, കുറവുകൾ, വികാരങ്ങൾ എന്നിവയുള്ളത് എന്നാണ് കേംബ്രിജ് നിഘണ്ടു ‘ഹ്യൂമൻ’ എന്ന വാക്കിന് നൽകുന്ന നിർവചനം. ദൈവങ്ങൾ, മൃഗങ്ങൾ, യന്ത്രങ്ങൾ എന്നിവയിൽനിന്ന് മനുഷ്യരെ വേർതിരിക്കുന്ന സവിശേഷതകളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.

എഐയുടെ വ്യാപനം മനുഷ്യന്റെ സർഗാത്മകത, ചിന്താശേഷി, തൊഴിൽ, വ്യക്തിത്വം എന്നിവയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് ഈ വർഷം വാക്കിന്റെ തിരഞ്ഞെടുപ്പിൽ നിർണായകമായത്. എഐ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളിൽനിന്ന് മനുഷ്യർ തയ്യാറാക്കുന്നവയെ വേർതിരിച്ചറിയാൻ ‘ഹ്യൂമൻ മെയ്ഡ്’ (Human-made), ‘ഹ്യൂമൻ റിട്ടൺ’ (Human-written), ‘ഹ്യൂമൻ ജനറേറ്റഡ്’ (Human-generated) തുടങ്ങിയ പ്രയോഗങ്ങൾ വ്യാപകമാകുന്നതും നിഘണ്ടു ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ ചിന്താശേഷി യന്ത്രങ്ങൾക്ക് വിട്ടുനൽകുമ്പോൾ നഷ്ടപ്പെടാനിടയുള്ള കഴിവുകളെക്കുറിച്ച് ആളുകൾ കൂടുതൽ ചിന്തിക്കുന്നുണ്ടെന്ന് കേംബ്രിജ് നിഘണ്ടുവിലെ ഭാഷാ വിദഗ്ധൻ കോളിൻ മക്കിന്റോഷ് പറഞ്ഞു. എഐയുടെ വളർച്ച മനുഷ്യനെന്ന നിലയിലുള്ള നമ്മുടെ സ്വത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചു. രോഗങ്ങൾ ഭേദമാക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും മനുഷ്യർക്ക് പ്രാധാന്യമുള്ള കാര്യങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്താനും എഐക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മനുഷ്യജീവിതം എത്രത്തോളം മെച്ചപ്പെടുത്തുന്നു എന്നതായിരിക്കണം എഐയുടെ വിജയത്തിന്റെ അളവുകോലെന്നും ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

2026ൽ കേംബ്രിജ് നിഘണ്ടുവിൽ പുതുതായി ഉൾപ്പെടുത്തിയ ശ്രദ്ധേയമായ വാക്കുകളിൽ ‘ഓറ ഫാമിങ്’ (Aura farming), ‘ലുക്സ്മാക്സിങ്’ (Looksmaxxing), ‘എയർ ജയിൽ’ (Air jail) എന്നിവയും ഉൾപ്പെടുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ആകർഷകമായ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ശ്രമമാണ് ഓറ ഫാമിങ്. ശാരീരിക സൗന്ദര്യം പരമാവധി മെച്ചപ്പെടുത്താനുള്ള ശ്രമത്തെയാണ് ലുക്സ്മാക്സിങ് എന്നു പറയുന്നത്. മൃഗങ്ങളുടെ അനാവശ്യ പെരുമാറ്റം നിയന്ത്രിക്കാൻ അവയെ കുറച്ചുനേരം നിലത്തുനിന്ന് ഉയർത്തിപ്പിടിക്കുന്ന പരിശീലനരീതിയാണ് എയർ ജയിൽ.

‘ഏജന്റ്’ (Agent), ‘വോൾസം’ (Wholesome), ‘അനലോഗ്’ (Analogue) എന്നിവയും ഈ വർഷത്തെ വാക്കിനായുള്ള പരിഗണനപ്പട്ടികയിലുണ്ടായിരുന്നു. എഐയുടെ വളർച്ചയ്ക്കൊപ്പം മനുഷ്യന്റെ സർഗാത്മകതയ്ക്കും വികാരങ്ങൾക്കും ചിന്താശേഷിക്കും നൽകുന്ന പ്രാധാന്യം വർധിച്ചുവരുന്നതാണ് ‘ഹ്യൂമൻ’ എന്ന വാക്കിന്റെ തിരഞ്ഞെടുപ്പ് പ്രതിഫലിപ്പിക്കുന്നത്.

അ

Leave a Reply

Your email address will not be published. Required fields are marked *