തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന ഒരു നിർദ്ദേശവും മുഖ്യമന്ത്രി ബോർഡിന് നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
നിലയ്ക്കൽ-പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയത്. ഇത് അപ്രകാരം തന്നെ നിലയ്ക്കലിൽ തുടരും. നിലയ്ക്കലിന് പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുണ്ട്.
വെർച്ചൽ ക്യൂ ബുക്ക് ചെയ്യാതെ നിലയ്ക്കൽ-പമ്പ പാതയിലൂടെ ദർശനത്തിന് ആഗ്രഹിക്കുന്ന ഭക്തർ നിലയ്ക്കൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിൽ എത്തി ബുക്കിംഗ് നടത്തിയ ശേഷം വേണം ദർശനത്തിനായി എത്താനെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

