ഹൈദരാബാദ്/മുംബൈ: യൂത്ത് കോൺഗ്രസ് ദേശീയ നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ്മ എന്നിവരുടെ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇരുനഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയത്.
ഹൈദരാബാദിലെ മെറ്റ ഓഫീസ് പരിസരത്തേക്ക് ഇരച്ചുകയറിയ തെലങ്കാന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെടിച്ചട്ടികൾ എറിഞ്ഞുടക്കുകയും ഓഫീസ് പരിസരത്ത് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഓഫീസ് ഇടനാഴികളിലൂടെയും കഫറ്റീരിയയ്ക്ക് സമീപത്തുകൂടെയും ഓടിയ പ്രവർത്തകർ ചെടിച്ചട്ടികൾ തല്ലിത്തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ച പ്രവർത്തകർ മെറ്റയ്ക്കും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചു.

