മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; വി. അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നടപടി

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് ഇടപാടിലെ ക്രമക്കേടിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർക്കെതിരെ നിർണായക നടപടി. മുൻ മന്ത്രിയെയും മറ്റ് നാലുപേരെയും പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അബ്ദുറഹിമാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി), കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി.

സ്പോൺസറായ സ്വകാര്യ കമ്പനിക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി മുൻ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ടെൻഡർ നടപടികളും ചട്ടങ്ങളും പാലിക്കാതെ സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ ക്രമക്കേട് നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഇടപാടുമായി ബന്ധപ്പെട്ട് സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണർ ഓം പ്രകാശ് മാഥൂർ നേരത്തെ അനുമതി നൽകിയിരുന്നു. തുടർന്നാണ് ആഭ്യന്തരവകുപ്പ് കേസെടുക്കുന്നതിനും അന്വേഷണം നടത്തുന്നതിനും ഉത്തരവിറക്കിയത്.

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ കളമശേരി പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ ശക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *