ഒരു നേരത്തെ അന്നത്തിനായി കൊടിമരച്ചുവട്ടിൽ കരഞ്ഞുപ്രാർത്ഥിച്ച 17-കാരൻ ഇന്ന് നാട്ടിലെ പൊതുമരാമത്ത് കരാറുകാരനും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്
ശബരിമല: “എല്ലാവരും മൂന്ന് നേരം വയർ നിറച്ച് ഭക്ഷണം കഴിക്കുമ്പോൾ ഒരു നേരം എനിക്കും വീട്ടുകാർക്കും ഭക്ഷണം നൽകണേ എന്നായിരുന്നു കൊടിമരത്തിന് സമീപം നിന്ന് നിറഞ്ഞ കണ്ണുകളോടെ അന്ന് അയ്യപ്പനോട് പ്രാർത്ഥിച്ചത്. ഒരു നേരം ഭക്ഷണം ചോദിച്ച എനിക്ക് അയ്യപ്പൻ മൂന്ന് നേരവും നൽകി” – 1991-ൽ തന്റെ 17-ാം വയസ്സിൽ ആദ്യമായി മല ചവിട്ടിയ ഓർമ്മകൾ പങ്കുവെക്കുകയാണ് കർണാടക ചിക്കമംഗളൂരു ബ്യാരള്ളി സ്വദേശിയായ എം.എം. കുമാർ.
തന്റെ ജീവിതം കരകയറ്റിയ അയ്യപ്പസ്വാമിയോടുള്ള സമർപ്പണമായി കഴിഞ്ഞ 27 വർഷമായി സന്നിധാനത്തെ അനൗൺസ്മെന്റ് കൗണ്ടറിൽ സൗജന്യ സേവനം നടത്തുകയാണ് ഈ 52-കാരൻ. 35 വർഷം മുമ്പ് ഹോട്ടലിൽ പണിയെടുത്ത് സമ്പാദിച്ച 750 രൂപയുമായി ആദ്യമായി ശബരിമലയിലെത്തിയ കുമാർ, അന്ന് മലയിറങ്ങി നാട്ടിലെത്തിയ ശേഷം പുതിയ വ്യാപാര മേഖലകളിൽ കൈവെച്ചു. പതിയെ ജീവിതനിലവാരം മെച്ചപ്പെടുകയും കരാർ ജോലികൾ ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് നാട്ടിൽ അറിയപ്പെടുന്ന പൊതുമരാമത്ത് കരാറുകാരനാണ് അദ്ദേഹം.

ആറ് ഭാഷകളിൽ തീർത്ഥാടകർക്ക് വഴികാട്ടി
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നട തുറന്നാൽ കുമാർ സന്നിധാനത്തെത്തും. പുലർച്ചെ 3.30 മുതൽ രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ മൈക്കിന് മുന്നിൽ അദ്ദേഹം കർമ്മനിരതനാണ്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകൾ അറിയാവുന്ന കുമാർ, പ്രധാനമായും ആദ്യ നാല് ഭാഷകളിലാണ് അനൗൺസ്മെന്റുകൾ നടത്തുന്നത്.
തിരക്കിൽ കൂട്ടംതെറ്റുന്ന അയ്യപ്പന്മാരെയും മാളികപ്പുറങ്ങളെയും മണികണ്ഠന്മാരെയും ബന്ധുക്കളുമായി ഒന്നിപ്പിക്കുന്ന അറിയിപ്പുകളാണ് ഇതിൽ പ്രധാനം. ഒപ്പം ക്ഷേത്രത്തിലെ ചടങ്ങുകൾ സംബന്ധിച്ച നിർദ്ദേശങ്ങളും ശുചിത്വ സന്ദേശങ്ങളും അദ്ദേഹം നൽകുന്നു. നാട്ടുകാരനും മുൻ അനൗൺസറുമായ മഞ്ജുനാഥ സ്വാമി വഴിയാണ് കുമാർ ഈ സേവനത്തിലേക്ക് എത്തിയത്. അന്തരിച്ച കോഴഞ്ചേരി ഗോപാല സ്വാമിയിൽ നിന്നാണ് ഭക്തിസാന്ദ്രമായ അനൗൺസ്മെന്റ് ശൈലി പഠിച്ചതെന്ന് കുമാർ നന്ദിയോടെ ഓർക്കുന്നു. മുൻ വർഷങ്ങളിൽ സഹായിക്കാൻ മറ്റുള്ളവർ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഒറ്റയ്ക്കാണ് അദ്ദേഹം മൈക്കിന് മുന്നിലുള്ളത്. ആറ് ഭാഷകൾ വഴങ്ങുമെങ്കിലും മലയാളത്തിലെ ‘ഴ’ ഉച്ചരിക്കാൻ ഇപ്പോഴും അല്പം പ്രയാസമാണെന്ന് കുമാർ ചിരിയോടെ പറയുന്നു.
റീൽസിനായി ‘വ്യാജ മിസ്സിംഗ്’ പറയുന്നവർ
സേവനത്തിനിടയിൽ നേരിടുന്ന പുതിയൊരു പ്രവണതയെക്കുറിച്ചും കുമാർ ആശങ്ക പങ്കുവെക്കുന്നുണ്ട്. കൂടെയുള്ള ആളെ കാണാനില്ലെന്ന് തമാശയ്ക്ക് വന്നുപറഞ്ഞ് അനൗൺസ്മെന്റ് ചെയ്യിപ്പിച്ച ശേഷം, സൗണ്ട് ബോക്സിൽ നിന്നുള്ള ശബ്ദം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ റീൽസ് ഇടുന്നവർ വർദ്ധിച്ചുവരികയാണ്. യഥാർത്ഥത്തിൽ കൂട്ടംതെറ്റി വിഷമിക്കുന്നവർക്കായുള്ള അറിയിപ്പുകൾക്കിടയിൽ ഇത്തരം വ്യാജന്മാർ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ബ്യാരള്ളി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ എം.എം. കുമാർ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ജനവിധി തേടാൻ ഒരുങ്ങുകയാണ്. മരണം വരെ ശബരിമലയിലെത്തി അനൗൺസ്മെന്റ് സേവനം തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. “അയ്യപ്പൻ ഒരിക്കലും കൈവിടില്ല” എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കർമ്മയോഗി.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

