ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പുകൾ പ്രസിദ്ധീകരിക്കുന്ന ആൻഡ്രോയിഡ് ഡെവലപ്പർമാരുടെ ഫോൺ നമ്പറും വിലാസവും ആഗോളതലത്തിൽ പരസ്യപ്പെടുത്താൻ ഗൂഗിൾ ഒരുങ്ങുന്നു. 2027 മാർച്ച് ഒന്നുമുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. ഇതോടെ ആപ്പുകളുടെ ഡെവലപ്പർ വിവരങ്ങൾ ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിലൂടെ കാണാനാകും.
യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സർവീസസ് ആക്ട് (DSA), യുകെയിലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ എന്നിവയുടെ ഭാഗമായാണ് ഡെവലപ്പർമാരുടെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടി. ആപ്പുകളിലൂടെ സ്ഥിരമായി വരുമാനം നേടുന്നവരും വാണിജ്യപരമായി പ്രവർത്തിക്കുന്നവരും ‘ട്രേഡർ’ വിഭാഗത്തിൽ സ്വയം രജിസ്റ്റർ ചെയ്യണം. 2027 ഫെബ്രുവരി ഒന്നിനകം ഈ വിഭാഗീകരണം പൂർത്തിയാക്കാനാണ് നിർദേശം.
ട്രേഡർ വിഭാഗത്തിൽപ്പെടുന്നവർ തങ്ങളുടെ ബിസിനസ് തിരിച്ചറിയൽ വിവരങ്ങൾ, ഫോൺ നമ്പർ, വിലാസം എന്നിവ ഗൂഗിളിന് നൽകണം. ഇവ ആഗോളതലത്തിൽ പരസ്യപ്പെടുത്താനാണ് തീരുമാനം. നിബന്ധനകൾ പാലിക്കാത്ത ഡെവലപ്പർമാരുടെ ആപ്പ് അപ്ഡേറ്റുകൾ തടയാനും പിന്നീട് പ്ലേ സ്റ്റോറിൽനിന്ന് ആപ്പുകൾ നീക്കം ചെയ്യാനും ഗൂഗിളിന് അധികാരമുണ്ടാകും.
അതേസമയം, പുതിയ നിബന്ധന സ്വതന്ത്ര ആപ്പ് ഡെവലപ്പർമാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ആപ്പുകൾ വികസിപ്പിച്ച് വരുമാനം നേടുന്നവർക്ക് സ്വന്തം താമസവിലാസവും ഫോൺ നമ്പറും പരസ്യപ്പെടുത്തേണ്ടിവരുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്നാണ് വിമർശനം. വിലാസമായി പോസ്റ്റ് ബോക്സ് ഉപയോഗിക്കാൻ ഗൂഗിൾ അനുവദിക്കുന്നില്ല. പകരം ബിസിനസ് വിലാസം ലഭിക്കുന്നതിന് പ്രത്യേക സേവനങ്ങൾ ഉപയോഗിക്കുകയോ ഓഫീസ് വാടകയ്ക്കെടുക്കുകയോ വേണ്ടിവന്നേക്കും.
ഇതേ നിയമപരമായ ബാധ്യതയുള്ള ആപ്പിളിന്റെ നടപടി വ്യത്യസ്തമാണ്. യൂറോപ്യൻ നിയമങ്ങൾ ബാധകമായ രാജ്യങ്ങളിൽ മാത്രമാണ് ആപ്പിൾ ഡെവലപ്പർമാരുടെ വിലാസം പരസ്യപ്പെടുത്തുക. നിശ്ചിത രേഖകൾ സമർപ്പിക്കുന്നവർക്ക് പോസ്റ്റ് ബോക്സ് വിലാസം ഉപയോഗിക്കാനും ആപ്പിൾ അനുമതി നൽകുന്നുണ്ട്.
ഡെവലപ്പർമാരുടെയും ഉപയോക്താക്കളുടെയും സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ആപ്പ് ഉപയോക്താക്കൾക്ക് ഡെവലപ്പർമാരെ ബന്ധപ്പെടാനുള്ള സൗകര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കി. ഡെവലപ്പർമാരുടെ ആശങ്കകൾ പരിഗണിച്ച് പരസ്യപ്പെടുത്തുന്ന വിവരങ്ങൾ പരമാവധി കുറയ്ക്കാനുള്ള മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു.

