എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം കുഞ്ഞു മാളികപ്പുറങ്ങൾ

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും കൗതുകം നിറഞ്ഞ കുഞ്ഞിക്കണ്ണുകൾ! ഇത്തവണ ശബരിമല സന്നിധാനത്ത് ‘കുഞ്ഞു മാളികപ്പുറങ്ങളുടെ’ വലിയ സാന്നിധ്യമാണ് കാണാനാകുന്നത്. നടപ്പന്തലിലും സോപാനത്തും തിരുമുറ്റത്തും വിരിവെക്കുന്നിടത്തുമെല്ലാം അയ്യപ്പസന്നിധിയിലെ വിസ്മയക്കാഴ്ചകൾ കണ്ട് വിടർന്ന കണ്ണുകളുമായി നിൽക്കുന്ന പെൺകുഞ്ഞുങ്ങൾ ഹൃദ്യമായ കാഴ്ചയാണ്.

ആദ്യമായി മലകയറുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. തുടക്കത്തിലുണ്ടായിരുന്ന ആവേശം പാതിവഴിയിൽ ക്ഷീണമായതോടെ, അച്ഛന്റെ തോളിലേറി സന്നിധാനത്തെത്തിയവരാണ് പലരും. “ആദ്യമായാണ് ശബരിമലയിൽ വരുന്നത്. ഇവിടം ഒരുപാട് ഇഷ്ടമായി. കറുപ്പ് വസ്ത്രം മാത്രമേ ഇവിടെ ഉണ്ടാകൂ എന്നാണ് കരുതിയിരുന്നത്. എന്നാൽ മഞ്ഞയും നീലയും കാവിയുമെല്ലാം അണിഞ്ഞ ആളുകളെയും പലതരം ഭാഷകളുമാണ് ഇവിടെ കാണാനായത്. ഉരക്കുഴിയിലെ മുങ്ങിക്കുളി ഒരിക്കലും മറക്കില്ല. സ്കൂളിൽ ചെന്നിട്ട് കൂട്ടുകാരോട് പറയാൻ ഒരുപാട് വിശേഷങ്ങളുണ്ട്,” തലശ്ശേരി പാനൂരിൽ നിന്നെത്തിയ ഒൻപതുവയസ്സുകാരി പാർവതി ആവേശത്തോടെ പറയുന്നു. അച്ഛൻ വിനയ് കുമാറിനും പാപ്പനുമൊപ്പം മലകയറിയ പാർവതിയെ കാത്ത് അമ്മ ഷജ്ന പമ്പയിലുണ്ട്.

ചോറ്റാനിക്കരയിൽ നിന്നെത്തിയ എട്ടുവയസ്സുകാരി പല്ലവിയുടെ കൗതുകം മുഴുവൻ വാച്ച് ടവറിൽ തോക്കുമായി കാവൽ നിൽക്കുന്ന ദ്രുതകർമ്മ സേനാംഗത്തെക്കുറിച്ചാണ്. “അവർ എത്ര നേരമായിരിക്കും ഇങ്ങനെ നിൽക്കുന്നത്? അവർക്ക് ഇരിക്കാൻ തോന്നില്ലേ? ആ തോക്കിൽ ശരിക്കും ഉണ്ടയുണ്ടാകുമോ?” എന്നിങ്ങനെ നീളുന്നു പല്ലവിയുടെ നിഷ്കളങ്കമായ സംശയങ്ങൾ.

പതിനെട്ടാം പടിയിലും സോപാനത്തും ഡ്യൂട്ടിയിലുള്ള പോലീസുകാരും കുഞ്ഞു മാളികപ്പുറങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. കൂട്ടം തെറ്റാതെ അച്ഛന്റെയും ബന്ധുക്കളുടെയും കൂടെത്തന്നെ അവർ കയറിപ്പോകുന്നുണ്ടെന്ന് സേനാംഗങ്ങൾ ഉറപ്പുവരുത്തുന്നു. ശ്രീകോവിലിന് മുന്നിൽ അയ്യപ്പനെ നന്നായി കണ്ട് തൊഴാനായി കുഞ്ഞുങ്ങളെ എടുത്തുയർത്തുന്ന പോലീസുകാരുടെ കരുതലും, തിരക്കൊഴിഞ്ഞ ഇടവേളകളിൽ അവരെ ലാളിക്കുന്നതും സന്നിധാനത്തെ മനോഹരമായ കാഴ്ചയാണ്.

ഇതിനിടെ, പത്തു ദിവസത്തിലേറെയായി കാണാതിരുന്ന പോലീസുകാരനായ അച്ഛനെ ഡ്യൂട്ടിക്കിടെ സന്നിധാനത്ത് കണ്ട ആഹ്ലാദത്തിലായിരുന്നു പാലക്കാട് നിന്നെത്തിയ ഷാരോൺ. അച്ഛനെ കണ്ടമാത്രയിൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച ഷാരോൺ ചുറ്റുമുള്ളവരിലും കൗതുകമുണർത്തി. ആദ്യ ദിവസങ്ങളിൽ തിരക്ക് താരതമ്യേന കുറവായതിനാൽ കുഞ്ഞു മാളികപ്പുറങ്ങൾക്ക് സുഖദർശനം സാധ്യമായതിന്റെ ആശ്വാസത്തിലാണ് ഒപ്പമെത്തിയ ബന്ധുക്കളും

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *