യുക്രെയ്ന്‍ റെയില്‍വേ സ്റ്റേഷനും വൈദ്യുത നിലയവും തകര്‍ത്ത് റഷ്യന്‍ മിസൈലുകള്‍

കീവ്: യുക്രെയ്‌നിലെ സിവിലിയന്‍സിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കനത്ത പ്രഹരമേല്‍പിച്ചുകൊണ്ട് റഷ്യയുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് അമ്പതിലധികം കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സുമി റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മുപ്പതിലധികം സിവിലിയന്‍സിന് പരിക്കേറ്റു. ഈ ആക്രമണത്തിനു തൊട്ടുമുമ്പ് ചെര്‍ണീവിനടുത്തുള്ള ഒരു വൈദ്യുത നിലയവും റഷ്യ തകര്‍ത്തിരുന്നു. ഇതോടെ അമ്പതിനായിരത്തോളം സിവിലിയന്‍സിന്റെ ഭവനങ്ങളാണ് ഇരുട്ടിലായത്. ശൈത്യകാലം പടിവാതില്‍ക്കലെത്തി നില്‍ക്കെ ജനജീവിതം പരമാവധി ദുസഹമാക്കുകയെന്ന ഉദ്ദേശ്യവും ഇത്തരം ആക്രമണങ്ങള്‍്ക്കു പിന്നിലുണ്ടെന്നു വിലയിരുത്തപ്പെടുന്നു. ഈ അക്രമണങ്ങള്‍ മുഖേനയുണ്ടായ നഷ്ടത്തിന്റെ തോത് വിലയിരുത്തപ്പെട്ടിട്ടില്ല.