സിഡ്‌നി: കടുത്ത ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് ആശ്വാസമായി ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന ബജറ്റിൽ വൻ ടോൾ-വാഹന രജിസ്ട്രേഷൻ ഇളവുകൾ പ്രഖ്യാപിച്ചു. ട്രഷറർ ഡാനിയൽ മൂഖി അവതരിപ്പിച്ച പുതിയ ബജറ്റ് പ്രകാരം പ്രതിവാര ടോൾ പരിധി അടുത്ത ഒരു വർഷത്തേക്ക് 50 ഡോളറായി നിജപ്പെടുത്തുകയും വിവാദപരമായ അഡ്മിനിസ്ട്രേഷൻ ഫീസ് പൂർണ്ണമായും നിർത്തലാക്കുകയും ചെയ്തു.
ട്രാൻസ്പോർട്ട് അഫോർഡബിലിറ്റി പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച 56.1 കോടി ഡോളറിന്റെ ആശ്വാസ പദ്ധതികളിൽ പൊതുഗതാഗത നിരക്കുകൾ അടുത്ത 12 മാസത്തേക്ക് വർദ്ധിപ്പിക്കില്ലെന്ന പ്രഖ്യാപനവുമുണ്ട്. കൂടാതെ, സംസ്ഥാനത്തെ ഏതാണ്ട് 44 ലക്ഷത്തോളം വരുന്ന കാറുകളുടെ രജിസ്ട്രേഷൻ ഫീസിൽ 100 ഡോളറിന്റെയും, മോട്ടോർ ബൈക്കുകളുടെ ഫീസിൽ 80 ഡോളറിന്റെയും കുറവ് വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു ടൊയോട്ട കൊറോള കാറിന്റെ സാധാരണ രജിസ്ട്രേഷൻ നിരക്ക് 475 ഡോളറിൽ നിന്നും 375 ഡോളറായി കുറയും. ഗ്രാമീണ മേഖലയിലുള്ള ലക്ഷക്കണക്കിന് വാഹന ഉടമകൾക്കും ഈ പ്രഖ്യാപനം വലിയ ആശ്വാസമാകും. പെട്രോൾ വില തത്സമയം അറിയാനുള്ള ‘ഫ്യുവൽചെക്ക്’ ആപ്പ് പരിഷ്കരിക്കാനായി 26 ലക്ഷം ഡോളറും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
തുടർച്ചയായ പലിശനിരക്ക് വർദ്ധനവുകൾ മൂലം പ്രോപ്പർട്ടി വിപണിയിലുണ്ടായ ഇടിവ് കാരണം എൻ.എസ്.ഡബ്ല്യു സർക്കാരിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. വരും വർഷത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലുള്ള വരുമാനത്തിൽ 200 കോടി ഡോളറിന്റെ ഇടിവാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം 2027/28 സാമ്പത്തിക വർഷത്തിൽ ബജറ്റ് മിച്ചം (Surplus) കൈവരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ട്രഷറർ. എന്നാൽ മറ്റ് സംസ്ഥാനങ്ങളും ഫെഡറൽ സർക്കാരും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ എൻ.എസ്.ഡബ്ല്യു ബജറ്റ് മിച്ചം പ്രതീക്ഷിക്കുന്നത് അമിത പ്രതീക്ഷയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 19,380 കോടി ഡോളറിലേക്ക് ഉയരുകയാണ്. വരും വർഷത്തിൽ പലിശ ഇനത്തിൽ മാത്രം 900 കോടി ഡോളർ സംസ്ഥാനത്തിന് ചിലവഴിക്കേണ്ടി വരും. സാമ്പത്തിക അച്ചടക്കം കർശനമായി പാലിച്ചാൽ മാത്രമേ സംസ്ഥാനത്തിന്റെ നിലവിലെ ‘AA+’ ക്രെഡിറ്റ് റേറ്റിംഗ് നിലനിർത്താൻ സാധിക്കൂ എന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി (S&P) മുന്നറിയിപ്പ് നൽകി

