സിഡ്‌നി: സിറിയയിലെ തടങ്കൽ പാളയത്തിൽ അവശേഷിച്ചിരുന്ന ഐസിസ് (ISIS) ബന്ധമുള്ള അവസാന ഓസ്‌ട്രേലിയൻ പൗരയ്ക്കും രാജ്യത്തേക്ക് മടങ്ങിവരാൻ അനുമതി. ഇവരുടെ മടങ്ങിവരവ് തടയുന്നതിനായി സർക്കാർ സ്വീകരിച്ചിരുന്ന എല്ലാ നിയമപരമായ വഴികളും അടഞ്ഞതിനെ തുടർന്നാണ് അനുമതി നൽകേണ്ടി വന്നതെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് സ്ഥിരീകരിച്ചു. സിഡ്‌നിയിൽ ജനിച്ച ഈ യുവതി സിറിയൻ ക്യാമ്പുകളിൽ അവശേഷിക്കുന്ന അവസാന ഓസ്‌ട്രേലിയൻ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ്.
രാജ്യത്ത് തിരിച്ചെത്തുന്ന യുവതിക്ക് മേൽ നിയമപരമായി സാധ്യമാകുന്ന “ഏറ്റവും ഉയർന്ന തലത്തിലുള്ള നിരീക്ഷണവും പരിശോധനയും” ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കടുത്ത നിബന്ധനകളോടെയാണ് ഇവർക്ക് മടങ്ങിവരാൻ അനുമതി നൽകിയിരിക്കുന്നത്. ഇവർ താമസിക്കുന്ന സ്ഥലം, ജോലി ചെയ്യുന്നതോ പഠിക്കുന്നതോ ആയ ഇടങ്ങൾ, യാത്രകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി അധികൃതരെ മുൻകൂട്ടി അറിയിക്കണം.
മാത്രമല്ല, രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി, ഏതെങ്കിലും തരത്തിലുള്ള വാർത്താവിനിമയ ഉപാധികളോ പേഫോണുകളോ ഉപയോഗിക്കുന്നതിനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും 24 മണിക്കൂർ മുൻപ് സുരക്ഷാ അധികാരികൾക്ക് നോട്ടീസ് നൽകണമെന്ന അത്യപൂർവ്വ നിബന്ധനയും ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഒരാൾക്ക് മേൽ നിയമപരമായി ചുമത്താൻ കഴിയുന്ന നിരീക്ഷണങ്ങളുടെയും നിയന്ത്രണങ്ങളുടെയും പരമാവധി പരിധിയാണിതെന്ന് ടോണി ബർക്ക് ചൂണ്ടിക്കാട്ടി.

