കൊച്ചി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് ഹൈക്കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. വായ്പകളില്‍ ഇളവ് നല്‍കാനുള്ള ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് ഇക്കൊല്ലം മാര്‍ച്ചില്‍ എടുത്തുമാറ്റിയിരുന്നു. നിയമം ഭേദഗഥി ചെയ്തുകൊണ്ടു വരുത്തിയ മാറ്റമായിരുന്നു ഇത്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബാങ്കുകളാണ്. ബാങ്കുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ നിര്‍വാഹമില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് കേരള ഹൈക്കോടതി പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്ന കേന്ദ്ര ഗവണ്‍മെന്റാണ് ഇപ്പോള്‍ ദുരന്തബാധിതരെ കൈയൊഴിഞ്ഞ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
വിവേചനാധികാരം ഉപയോഗിച്ച് ദുരന്തബാധിതരെ സഹായിച്ചു കൂടേയെന്നും ഇക്കൂട്ടരോട് മാനുഷിക പരിഗണന കാണിക്കണമെന്നുമെല്ലാം കോടതി പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നതാണ്.
മുണ്ടക്കൈ ദുരന്തം, വായ്പ എഴുതിത്തള്ളാതെ ദുരന്ത ബാധിതരെ എഴുതിത്തള്ളി കേന്ദ്രം

