കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് വിദേശ നാണയ വിനിമയ നിയമങ്ങളുടെ (ഫെമ) ലംഘനമുണ്ടോയെന്നു കണ്ടെത്തുന്നതിനായി സൂപ്പര്‍ താരങ്ങളുടെ വീടുകളിലടക്കം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇന്നലെ രാവിലെ ആറരയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു. മമ്മൂട്ടിയുടെ കൊച്ചിയിലെ രണ്ടു വീടുകള്‍, ദുല്‍ഖര്‍ സല്‍മാന്റെ വീട്, പൃഥ്വിരാജിന്റെ വീട് അമിത് ചക്കാലയ്ക്കലിന്റെ വീട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇതിനൊപ്പം ഒരു ഡസനിലധികം കേന്ദ്രങ്ങളിലും ചെന്നൈയിലെ ഏതാനും സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുവെന്നാണ് വിവരം. വിവാദമായ കാര്‍ ഇടപാടുകളില്‍ ഫെമ നിയമത്തിലെ മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. അതുകൊണ്ടാണ് കഴിഞ്ഞയാഴ്ച കസ്റ്റംസ് വാഹനങ്ങള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടവരുടെ ഭവനങ്ങളില്‍ ഇപ്പോള്‍ പരിശോധന നടക്കുന്നത്. അന്നു റെയ്ഡിനു വാഹനം പിടിച്ചെടുക്കലിനും നേതൃത്വം വഹിച്ചത് കസ്റ്റംസ് ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ പരിശോധനകള്‍ അതിന്റെ തുടര്‍ച്ചയായുള്ള കള്ളപ്പണം ഇടപാടിന്റെ പേരില്‍ ഇഡിയുടെയാണ്. കൊച്ചിക്കു പുറമെ തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലുള്ള ഏതാനും സംശയാസ്പദമായ കേന്ദ്രങ്ങളിലുമാണ് പരിശോധന. ചെന്നൈയില്‍ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീടുകളിലും പരിശോധന നടന്നുവെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത വിവരം.
മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ്, അമിത് എന്നിവര്‍ ഇഡിയുടെ റഡാറില്‍, വീടുകളില്‍ പരിശോധന

