ന്യൂഡല്‍ഹി: സമുദ്ര നിരപ്പില്‍ നിന്നു 13700 അടി ഉയരത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിമാനത്താവളം. ലഡാക്കിനു സമീപം മുദ്-നയോമയില്‍ സ്ഥാപിതമായ ഈ വിമാനത്താവളം വിദൂര അതിര്‍ത്തിപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് മുതല്‍ക്കൂട്ടായി മാറുന്നു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് നിര്‍വഹിച്ചു. ഒരു സി 130 ജെ ഹെര്‍ക്കുലീസ് വിമാനം നിയോമില്‍ ഇറക്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് കേവലം 23 കിലോമീറ്റര്‍ മാത്രമാണ് ഈ വിമാനത്താവളത്തിലേക്കുള്ള ദൂരം. 218 കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ വനിത ഉദ്യോഗസ്ഥരുടെ സംഘമാണ്.
2.7 കിലോമീറ്ററാണ് ഇതിലെ റണ്‍വേയുടെ നീളം. യുദ്ധവിമാനങ്ങള്‍ക്കു പുറമെ യാത്രാവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇവിടെ ഇറക്കുന്നതിനു സാധിക്കും. വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സൗകര്യങ്ങളും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

