ബ്രിസ്ബേന്‍: മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ ആയി തിരഞ്ഞെടുക്കപ്പെട്ട ലെക്സി ബ്രാന്റ് സമൂഹ മാധ്യമങ്ങളില്‍ നേരിടുന്ന പരിഹാസം ഓസ്ട്രേലിയന്‍ ജനതയുടെ വര്‍ണവെറിയും വംശീയ വിദ്വേഷവും വിളിച്ചോതുന്നത്. ക്വീന്‍സ്ലാന്‍ഡില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരിയായ ലെക്സി വേണ്ടത്ര ഓസ്ട്രേലിയന്‍ ആയിട്ടില്ലെന്നാണ് കമന്റുകളില്‍ ഭൂരിപക്ഷവും സൂചിപ്പിക്കുന്നത്. മിസ് യൂണിവേഴ്സ് ലോക സുന്ദരി പട്ടത്തിനായി നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചു കയറാന്‍ ഇത്രമാത്രം ഓസ്ട്രേലിയന്‍ ആയാല്‍ പോരെന്നു പറയുന്നവരും പലരുണ്ട്.
ബ്രിസ്ബേനില്‍ ജനിച്ച് ഒക്കുപേഷണല്‍ തെറപ്പി പഠനത്തിനൊപ്പം മോഡലിങ് കൂടി ചെയ്യുന്ന ബ്രാന്റ് അടുത്തയിടെ വളരെ വൈറല്‍ ആയി മാറിയ ഒരു ടിക് ടോക് വീഡിയോയുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. അതിനുള്ള അടിക്കുറിപ്പുകളാണ് വംശീയ വെറിയുടെ കൂത്തരങ്ങായി മാറിയത്. ബ്രാന്റിനു വെളുപ്പു നിറം പോരെന്ന സൂചനയാവണം ഒരാള്‍ എഴുതിയിരിക്കുന്നത് മിസ് മെക്സിക്കോ മത്സരത്തില്‍ നിന്ന് ഇറങ്ങി നേരെ ഇങ്ങോട്ടു പോന്നാതണോ എന്നായിരുന്നു. മറ്റൊരാള്‍ എഴുതുന്നത് ഓസ്ട്രേലിയന്‍ സ്ത്രീകളെ കണ്ടാല്‍ ഇങ്ങനെയിരിക്കുമെന്നു താന്‍ കരുതിപോലുമില്ലെന്ന്.
ഈ കമന്റുകളെ കുറിച്ച് അറിഞ്ഞ ഇന്ത്യന്‍ ഓസ്ട്രേലിയന്‍ ടാലന്റ് മെന്റര്‍ രാജ് സൂരി ഇതില്‍ പുതുമയൊന്നും കാണുന്നതേയില്ല. മുന്‍ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ ജേതാക്കളായ ഫ്രാന്‍സെസ്ക ഹങ്, പ്രിയ സെരാവോ, മരിയ തട്ടില്‍ തുടങ്ങിയവരെല്ലാം ഇതിലും നികൃഷ്ടമായ കമന്റുകളായിരുന്നത്രേ സമൂഹ മാധ്യമത്തില്‍ നേരിടേണ്ടതായി വന്നത്.

