മെല്‍ബണ്‍: പ്രവാസിയായ തൊഴിലാളിക്ക് ന്യായമായ വേതനം കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തെക്കു കഴിക്കന്‍ മെല്‍ബണിലെ യുണൈറ്റഡ് പെട്രോളിയം സ്റ്റേഷന്റെ മുന്‍ ഉടമയ്ക്കെതിരേ നിയമ നടപടിയുമായി ന്യായ വേതന ഓംബുഡ്സ്മാന്. ഹല്ലാമിലെ പ്രിന്‍സസ് ഹൈവേയിലെ യുണൈറ്റഡ് പെട്രോളിയത്തിന്റെ മുന്‍ കമ്മീഷന് ഏജന്റ് ഇന്ത്യന്‍ പ്രവാസി ശതരൂപ പട്ടേലിനെതിരേയാണ് കര്‍ശനമായ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് താല്‍ക്കാലിക വീസയില്‍ ഓസ്ട്രേലിയയില്‍ എത്തിയിരുന്ന ഒരു യുവാവിനെ മണിക്കൂറിന് 15 ഡോളര്‍ എന്ന തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു എന്നതാണ് പട്ടേലിനെതിരേ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം. യഥാര്‍ഥത്തില്‍ ഈ തൊഴിലിന് മണിക്കൂറൊന്നിന് 28.38 ഡോളര്‍ എന്ന നിരക്കില്‍ വേതനം നല്‍കണമെന്നാണ് ഓസ്ട്രേലിയയിലെ നിയമം. ന്യായ വേതനം നല്‍കിയില്ലെന്നു മാത്രമല്ല, ഓവര്‍ടൈം വേതനം, വാരാന്ത്യ വേതനം, പൊതു ഒഴിവു ദിന വേതനം തുടങ്ങിയവയൊന്നും നല്‍കിയതേയില്ല.
ഇങ്ങനെ പല വകുപ്പുകളിലായി തൊഴിലാളിക്ക് ലഭിക്കേണ്ടിയിരുന്ന ആയിരക്കണക്കിന് ഡോളര്‍ തട്ടിയെടുത്തു എന്നതു സംബന്ധിച്ച് ശതരൂപ പട്ടേല്‍ നിയമ നടപടി നേരിടാനൊരുങ്ങുകയാണ്. ഈ കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികള്‍ക്ക് പട്ടേല്‍ വിധേയനാകേണ്ടി വരുമെന്ന് ന്യായ വേതന ഓംബുഡ്സ്മാന് അന്ന ബൂത്ത് വെളിപ്പെടുത്തി. ഓരോ വീഴ്ചയ്ക്കും 13,320 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഈ കേസില്‍ റെഗുലേറ്റര്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നാം തീയതിയാണ് ഇനി ഈ കേസ് പരിഗണിക്കുന്നത്.

