പാറ്റ്‌ന: അഞ്ചു വര്‍ഷം മുമ്പു നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി കോണ്‍ഗ്രസ് മുന്നണിക്ക് 11500 വോട്ടുകള്‍ കൂടി കിട്ടിയാല്‍ ഭരണം പിടിക്കാമായിരുന്നു. അത്ര ചെറുതായിരുന്നു വോട്ടിന്റെ കണക്കില്‍ എന്‍ഡിഎയുമായുള്ള വ്യത്യാസം. അത് അനായാസം മറികടന്ന് ഇത്തവണ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലില്‍ ബീഹാറില്‍ അങ്കത്തിനിറങ്ങിയ മഹാസഖ്യത്തിന് അമ്പേ അടിപതറുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പ ഫലം നല്‍കുന്നത്.
സീറ്റുകളുടെ എണ്ണത്തില്‍ അഞ്ചു വര്‍ഷം മുമ്പ് വ്യത്യാസം പതിനഞ്ച് സീറ്റുകളുടേത് മാത്രമായിരുന്നെങ്കില്‍ ഇത്തവണ എന്‍ഡിഎ മൂന്നില്‍ രണ്ടു ഭൂരിപക്ഷവും കടന്നു മുന്നേറുന്നത് കണ്ടുകൊണ്ടിരിക്കാന്‍ മാത്രമാണ് സാധിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡി ആയിരുന്നെങ്കില്‍ ഇക്കുറി മൂന്നാം സ്ഥാനം തന്നെ നിലനിര്‍ത്താന്‍ വിയര്‍ക്കുകയാണ്. കോണ്‍ഗ്രസാണെങ്കില്‍ സീറ്റുകളുടെ എണ്ണം രണ്ടക്കത്തിലേക്കു പോലും എത്തിക്കാനാവാത്ത ദയനീയ തകര്‍ച്ചയിലാണ് എത്തിയിരിക്കുന്നത്. സിപിഐഎംഎല്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ ഒരൊറ്റ പാര്‍ട്ടിക്കുപോലും അഭിമാനപൂര്‍വം എടുത്തുകാട്ടാന്‍ സാധിക്കുന്ന വിജയങ്ങളൊന്നുമില്ല എന്നതാണ് വാസ്തവം.
യാദവ മുസ്ലീം വോട്ടുകളില്‍ മാത്രമാണ് ആര്‍ജെഡിക്ക് എന്തെങ്കിലും സ്വാധീനം (അങ്ങനെയൊന്ന് ഉണ്ടെങ്കില്‍) ഉള്ളത് എന്നു വീണ്ടും തെളിയുന്നു. എന്നാല്‍ മുന്നോക്ക വോട്ടുകളില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന കുത്തക എന്നേ തകര്‍ന്നിരുന്നു. ആ തകര്‍ച്ച ഇക്കുറി പൂര്‍ണമാകുകയും ചെയ്തു. അറുപതു സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും നാലു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതു ത്‌ന്നെ ഇനിയും പിന്നോട്ടു പോകുമോയെന്നു കണ്ടറിയണം. മുകേഷ് സാഹ്നിയെ അവസാന നിമിഷം മുന്നണിയില്‍ ചേര്‍ത്ത് നിഷാദ് സമുദായത്തിന്റെ പിന്തുണ പ്രതീക്ഷിച്ചെങ്കിലും അതും അശേഷം ഏശിയില്ല.
പരസ്പരം ഐക്യമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് മഹാസഖ്യത്തിന് ഏറ്റവും വലിയ വിനയായി മാറിയത്. ഒന്നും രണ്ടുമല്ല, പതിനാറു സീറ്റുകളിലാണ് പരസ്പരം മത്സരിക്കുന്ന സാഹചര്യമുണ്ടായത്. അതിനൊപ്പം ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ ഒവൈസിയുടെ പാര്‍ട്ടിക്കും പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്കുമാകുകയും ചെയ്തു. ഫലത്തില്‍ കക്ഷത്തിലിരുന്ന വോട്ടുകള്‍ വല്ലാതെ ക്ഷീണിക്കുകയും ഉത്തരത്തിലിരുന്ന വോട്ടുകള്‍ കിട്ടാതെ വരികയും ചെയതപ്പോള്‍ മഹാസഖ്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ ഇരയായി മാറുകയായിരുന്നു.

