ഹാംബര്‍ഗ്: ആഗോള പൊതുജനാരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ ജനിപ്പിച്ചുകൊണ്ട് ജര്‍മനിയില്‍ നിന്നു പോളിയോ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ 115 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യത്തു നിന്ന് മാരകമായ പോളിയോ രോഗാണുവിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈല്‍ഡ് പോളിയോ എന്നറിയപ്പെടുന്ന പോളിയോ വൈറസിന്റെ വകഭേദമാണ് ഹാംബര്‍ഗിലെ മലിനജലത്തില്‍ നിന്നു കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയും അതിവികസിത രാജ്യവുമായ ജര്‍മനിയില്‍ പോളിയോ സാന്നിധ്യം നിലനില്ക്കുന്നു എന്ന അറിവ് ശാസ്ത്രലോകത്തിനു ഞെട്ടലാണ് നല്‍കുന്നത്.
പോളിയോ രോഗം ബാധിക്കപ്പെട്ടു കഴിഞ്ഞാല്‍ ഒരു ചികിത്സയും ഫലിക്കില്ല. എന്നാല്‍ പ്രതിരോധ മരുന്നുകൊണ്ട് ഈ രോഗം പൂര്‍ണമായി തടയുകയും ചെയ്യാം. 1988ല്‍ ലോകത്താകെ മാസ് വാക്സിനേഷന് വഴി 99 ശതമാനം പോളിയോ വൈറസുകളെയും നിര്‍മാര്‍ജനം ചെയ്തതാണ്. ശേഷിക്കുന്ന ഒരു ശതമാനമാകട്ടെ ലോകത്താകെ കാണപ്പെടുന്നത് അവികസിതമായ ഏതെങ്കിലും രാജ്യത്താണ്. അങ്ങനെയിരിക്കെയാണ് ജര്‍മനിയില്‍ നിന്നു രോഗാണുവിന്റൈ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
രണ്ടുതരം പോളിയോ ആണ് പ്രധാനമായും ഉള്ളത്. വൈല്‍ഡ് പോളിയോയും വേരിയന്റ് പോളിയോയും. രണ്ടും കുട്ടികളില്‍ ഒരു പോലെ കൈകാല്‍ തളര്‍ച്ചയുണ്ടാക്കും. ചിലപ്പോള്‍ മാരകവുമാണ്. ഇതില്‍ വൈല്‍ഡ് പോളിയോ ഇതിനു മുമ്പ് കണ്ടെത്തിയിരിക്കുന്നത് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമാണ്.

