സിഡ്‌നിയില്‍ ഇന്ത്യക്കാരിയായ യുവതിയും എട്ടു മാസം ഗര്‍ഭസ്ഥ ശിശുവും കാറിടിച്ചു മരിച്ചു, കൗമാരക്കാരന്റെ അശ്രദ്ധ ഡ്രൈവിങ്

സിഡ്‌നി: വടക്കു പടിഞ്ഞാറന്‍ സിഡ്്‌നിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയും അവരുടെ ഗര്‍ഭത്തിലുണ്ടായിരുന്ന ശിശുവും കാറിടിച്ചു മരിച്ചു. ഹോണ്‍സ്ബിയില്‍ ജോര്‍ജ് സ്ട്രീറ്റില്‍ കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് ഭര്‍ത്താവും മൂന്നു വയസുള്ള മകനുമൊത്ത് റോഡ് മുറിച്ചു കടന്ന് പ്രവേശിക്കുമ്പോള്‍ ഇവര്‍ക്കു മേല്‍ കാര്‍ പാഞ്ഞുകയറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. മരിച്ച സ്ത്രീയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. പോലീസ് പറയുന്നതനുസരിച്ച് പത്തൊമ്പതുകാരനായൊരു ബാലന്‍ അലക്ഷ്യമായി ഓടിച്ച ബിഎംഡ്ബ്യൂ കാര്‍ മറ്റൊരു കിയ കാറിന്റെ പിന്നില്‍ അതിശക്തമായി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കിയ മുന്നോട്ടു കുതിച്ചെത്തിയാണ് സ്ത്രീയുടെ മേല്‍ കയറിയത്. മരിച്ച സ്ത്രീക്ക് 33 വയസ് പ്രായമായിരുന്നു.

ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് പാരാമെഡിക്‌സ് അപ്പോള്‍ തന്നെ സ്ഥലത്തെത്തി അടിയന്തര വൈദ്യശുശ്രൂഷ നല്‍കിയ ശേഷം വെസ്റ്റ്‌മെഡ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇരു കാറുകളും ഓടിച്ചിരുന്ന വ്യക്തികള്‍ക്ക് പരിക്കേറ്റില്ല. പോലീസ് അപകട സാഹചര്യം പുനരവതരിപ്പിച്ച ശേഷം പത്തൊമ്പതുകാരനെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ്. വഹ്‌റൂംഗ സ്വദേശിയായ ആരോണ്‍ പാപസോഗ്ലു എന്നാണ് ബാലന്റെ പേരെന്നു പോലീസ് പറഞ്ഞു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇടയാക്കുന്ന വിധത്തിലുള്ള അപായകരവും അശ്രദ്ധവുമായ ഡ്രൈവിങ്ങിനാണ് ഇയാളുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *