ഗുരുശിഷ്യ ബന്ധം മറന്ന് നാലാംക്ലാസുകാരിയെ പീഡിപ്പിച്ച പത്മരാജനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ട് വിദ്യാഭ്യാസ വകുപ്പ്

തലശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്നു പുറത്താക്കി. സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കി. കെ പത്മരാജന് മരിക്കുന്നതു വരെയുള്ള ജീവപര്യന്തം തടവ് തലശേരി പോക്‌സോ കോടതി വിധിച്ചതിനു തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷാ നടപടി എത്തുന്നത്.

പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും സ്‌കൂളിനു സമീപമുള്ള മറ്റൊരു വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പത്മരാജനെതിരായ കേസ്. സ്‌കൂള്‍ മാനേജ്‌മെന്റും സംസ്ഥാന പോലീസും പരമാവധി അനാസ്ഥ കാട്ടിയിട്ടും കോടതി വളരെ ഗുരുതരമായ നിരീക്ഷണങ്ങള്‍ നടത്തിയാണ് ഈ കേസില്‍ പരമാവധി ശിക്ഷ തന്നെ സംഘപരിവാര്‍ നേതാവിന് ഉറപ്പാക്കിയത്. ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്വം മറന്നുള്ള പ്രവര്‍ത്തനമാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു നിരീക്ഷിച്ച കോടതി കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുകയായിരുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് സംസ്ഥാനത്തെ ഭരണകക്ഷിയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പിന്തുണ പത്മരാജന് ലഭിച്ചതും കേസ് ഇഴയുന്നതിനു കാരണമായെന്ന് ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *