ശബരിമലയില്‍ വീണ്ടുമൊരു മണ്ഡലം തീര്‍ഥാടന കാലത്തിനു തുടക്കം, സ്വര്‍ണക്കൊള്ളയുടെ കരിനിഴല്‍ മായുന്നില്ല

പത്തനംതിട്ട: സ്വര്‍ണക്കൊള്ള വിവാദത്തിന്റെ കരിനിഴലുകള്‍ക്കു മധ്യേ വീണ്ടുമൊരു മണ്ഡലം-മകര വിളക്ക് തീര്‍ഥാടനത്തിനു ശബരിമലയില്‍ തുടക്കമായി. ഇന്നലെ തീര്‍ഥാടനത്തിനായി നട തുറന്നു. തീര്‍ഥാടന കാലത്തിന്റെ ആദ്യ ദിവസം തന്നെ ഡോളി സര്‍വീസ് അലങ്കോലപ്പെട്ടത് തീര്‍ഥാടകര്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട് ചെറുതല്ല. ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന തീര്‍ഥാടകരെ ചുമന്ന് സന്നിധാനത്തെത്തിക്കുന്ന സംവിധാനമാണ് ഡോളികള്‍. ഇതു മൂലം നടന്നു കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ പമ്പയില്‍ കാത്തു നില്‍ക്കുകയാണ്. എന്നാല്‍ പരിമിതമായ തോതിലുള്ള ഡോളികള്‍ സ്വാധീനമുള്ളവര്‍ക്കു മാത്രമാണ് കിട്ടുന്നതെന്ന പരാതിയുടം തീര്‍ഥാടകര്‍ ഉന്നയിക്കുന്നു.

അതേസമയം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചാണ് പുതിയ തീര്‍ഥാടന കാലത്തിനു തുടക്കം കുറിച്ചത്. മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങി ഹോമകുണ്ഠത്തില്‍ അഗ്നി തെളിയിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷം ശബരിമല മേല്‍ശാന്തിയായിരുന്ന അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായിരുന്ന ടി വാസുദേവന്‍ നമ്പൂതിരിയും ഇനി പതിനെട്ടാം പടി ഇറങ്ങി വീടുകളിലേക്ക് യാത്രയാകും. ഇനി ഒരു വര്‍ഷത്തേക്ക് ചാലക്കുടി വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ ഡി പ്രസാദ് ശബരിമലയുടെയും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം ജി മനു നമ്പൂതിരി മാളികപ്പുറത്തിന്റെയും മേല്‍ശാന്തി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *