ലാലു പ്രസാദ് യാദവിന്റെ കുടുംബം അടിച്ചു പിരിയുന്നു, ആദ്യം രോഹിണി വീടു വിട്ടു, ഇപ്പോള്‍ മൂന്നു പുത്രിമാര്‍ കൂടി പടിയിറങ്ങി

പാറ്റ്‌ന: തിരഞ്ഞെടുപ്പിലെ അതിഭീമമായ തിരിച്ചടിക്കു പിന്നാലെ ആര്‍ജെഡിയുടെ സ്ഥാപക നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ കുടുംബകലഹം അതിരൂക്ഷം. സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ നടത്തി മകള്‍ രോഹിണി ആചാര്യയാണ് ആദ്യം വീടു വിട്ടിറങ്ങിയത്. ഇപ്പോഴിതാ മുന്നു പുത്രിമാര്‍ കൂടി കുട്ടികളെയും കൂട്ടി പാറ്റ്‌നയില്‍ നിന്നു താമസം മാറ്റിയിരിക്കുന്നു. ബീഹാര്‍ വിട്ട് ഡല്‍ഹിയിലേക്കാണിവര്‍ താമസം മാറ്റുന്നത്. ബീഹാറിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തിലെ അന്തച്ഛിദ്രം വളര്‍ന്നു വഷളാകുന്നതിന്റെ ലക്ഷണങ്ങള്‍ അങ്ങനെ നാട്ടില്‍ പാട്ടായിക്കൊണ്ടിരിക്കുന്നു.

ലാലുവിന്റെയും റാബ്‌റിയുടെയും പുത്രിമാരായ രാജലക്ഷ്മി, രാഗിണി, ചന്ദ്ര എന്നിവരാണ് കഴിഞ്ഞയാഴ്ച ലാലു താമസിക്കുന്ന സര്‍ക്കുലര്‍ റോഡിലെ വസതി വിട്ടിറങ്ങിയത്. ഇപ്പോള്‍ ആ വീട്ടില്‍ ലാലുവും റാബ്‌റിയും മൂത്ത പുത്രിയായ മിസ ഭാരതിയും മാത്രമാണുള്ളത്. ഏഴു പുത്രിമാരും രണ്ടു പുത്രന്‍മാരുമാണ് ലാലുവിനുള്ളത്. പുത്രന്‍മാരായ തേജ് പ്രതാവും തേജസ്വി യാദവും ബീഹാര്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. ഇവരില്‍ തേജസ്വിയുടെ നേതൃത്വത്തിലാണ് ആര്‍ജെഡി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങിയത്. രണ്ടു പുത്രന്‍മാരും പണ്ടേ കലഹത്തിലും രാഷ്ട്രീയത്തില്‍ വ്യത്യസ്ത ചേരിയിലുമാണ്. രോഹിണിയാണ് തേജസ്വിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് ആദ്യം വീടുവിട്ടിറങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് ലാലുവിന് വൃക്കരോഗം ബാധിച്ചപ്പോള്‍ സ്വന്തം വൃക്ക ദാനം ചെയ്തത് രോഹിണിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *