മലപ്പുറം: ഡല്‍ഹിയില്‍ വ്യവസായി ആയിരുന്ന എടക്കര സ്വദേശിയായ യുവാവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ വളരെ ആസൂത്രിതമായ ഹണിട്രാപ്പ് ഗൂഡാലോചനയെന്നു കണ്ടെത്തിയ പോലീസ് നാലു പേരെ അറസ്റ്റു ചെയ്തു. യുവാവിന്റെ ബന്ധുവും അയല്‍വാസിയുമായ യുവതിയും അവരുടെ ഭര്‍ത്താവും മറ്റു രണ്ടു യുവാക്കളുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം വീട്ടില്‍ സിന്ധു, ഭര്‍ത്താവ് ശ്രീരാജ്, സിന്ധുവിന്റെ ബന്ധുവായ കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍, നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്പില്‍ മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.
പള്ളിക്കുത്ത് സ്വദേശിയും ഡല്‍ഹിയില്‍ വ്യവസായിയുമായ തോണ്ടുകളത്തില്‍ രതീഷ് കഴിഞ്ഞ ജൂണ്‍ 11ന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മാതാവും സഹോദരനും നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായ ഹണിട്രാപ്പ് വെളിച്ചത്തു വന്നത്. മരിച്ച രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധുവും ഭര്‍ത്താവും ചേര്‍ന്ന് രതീഷിനോടു വലിയൊരു തുക കടം വാങ്ങിയിരുന്നു. അത് തിരിച്ചുകൊടുക്കുന്നതില്‍ നിന്നു രക്ഷപെടുന്നതിനാണ് ഹണിട്രാപ്പ് നടപ്പാക്കിയത്. സഹായത്തിനായി പ്രവീണിനെയും മഹേഷിനെയും ഒപ്പം കൂട്ടുകയായിരുന്നു.
സഹോദരന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ രതീഷ് നാട്ടിലെത്തിയ നേരം പണം തിരികെ നല്‍കാമെന്ന് സിന്ധു ഫോണില്‍ വിളിച്ചു പറയുകയായിരുന്നു. ഇതനുസരിച്ച് സിന്ധുവിന്റെ വീട്ടില്‍ രതീഷ് എത്തിയപ്പോള്‍ വീടിനകത്തേക്ക് സിന്ധു കൂട്ടിക്കൊണ്ടു പോകുകയും മറഞ്ഞിരുന്ന ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. അവര്‍ രതീഷിനെ വിവസ്ത്രനാക്കിയ ശേഷം സിന്ധുവിനൊപ്പം നിര്‍ത്തി ചിത്രങ്ങളെടുക്കുകയും അതിന്റെ പേരില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തു. രതീഷിന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും ഇവര്‍ അപഹരിച്ചു. കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ രതീഷ് തയാറാകാതെ വന്നതോടെ ചിത്രങ്ങള്‍ രതീഷും സിന്ധുവും അംഗങ്ങളായ സ്‌കൂള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും അമ്മയ്ക്കും ഭാര്യയ്ക്കും അയച്ചു കൊടുക്കുകയുമായിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു രതീഷിന്റെ ആത്മഹത്യ.

