സിഡ്നി: ഹോണ്‍സ്ബിയില്‍ ഫുട്പാത്തിലൂടെ ഭര്‍ത്താവിനൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ചു മരിച്ച ഗര്‍ഭിണിയായ ഇന്ത്യന്‍ വനിതയെ തിരിച്ചറിഞ്ഞു. സമന്വിത ധാരേശ്വര്‍ എന്നാണിവരുടെ പേരെന്ന് പോലീസ് വെളിപ്പെടുത്തി. സിഡ്നിയില്‍ തന്നെ സ്ഥിരതാമസമായ ഇവര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സമന്വിതയും ഗര്‍ഭസ്ഥ ശിശുവും ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്.
അമിത വേഗത്തില്‍ അലക്ഷ്യമായി പത്തൊമ്പതുകാരന് ഓടിച്ച ബിഎംഡബ്യു കാര്‍ മറ്റൊരു കിയ കാര്‍ണിവല്‍ കാറിനു പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫുട്പാത്തിലേക്ക് കയറിയ കിയയാണ് സമന്വിതയെ ഇടിച്ചു വീഴ്ത്തിയത്. അപകട സാഹചര്യം പുനരവതരിപ്പിച്ച പോലീസ് സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ബിഎംഡബ്ല്യൂ ഓടിച്ചിരുന്ന ആരണ് പാപസോഗ്ലു എന്ന പത്തൊമ്പതുകാരനാണെന്നു കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വാഹ്റൂംഗ മില്ലേവ അവന്യൂവിലെ വസതിയില്‍ നിന്ന് ആരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ് ആരണ്.
അപായകരമായി വാഹനം ഓടിക്കുക, മരണത്തിന് ഇടയാക്കാവുന്ന വിധത്തില്‍ അലക്ഷ്യമായി വാഹനം ഓടിക്കുക, ഗര്‍ഭിണി മരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ ഭ്രൂണം കൊല്ലപ്പെടുക എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കു മേല്‍ കേസ് ചാര്‍ജ് ചെയ്തു. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തിയല്ലെങ്കില്‍ കൂടി കുറ്റം ഗുരുതരമായതിനാല്‍ മജിസ്ട്രേറ്റ് ഇയാള്‍ക്കു ജാമ്യം നിഷേധിച്ച് ജയലിലയച്ചു.

