ആധാര്‍ കാര്‍ഡ് രൂപം മാറുമെന്ന് സൂചന, പേരും വിലാസവും ചേര്‍ക്കുന്നതിനു പകരം ഫോട്ടോയും ക്യൂആര്‍ കോഡും മാത്രമാകും

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ അതിന്റെ ഉടമയുടെ സകല വിവരങ്ങളും ചേര്‍ക്കുന്ന ഇപ്പോഴത്തെ രീതിക്കു പകരം ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം ചേര്‍ക്കുന്ന പുതിയ സമ്പ്രദായം കൊണ്ടുവരുന്നതിനെപ്പറ്റി യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആലോചിക്കുന്നതായി സൂചനകള്‍. ആധാറിനായി തയാറാക്കുന്ന പുതിയ ആപ്പിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് അധികൃതരില്‍ നിന്നും ഇതു സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നത്.

ഹോട്ടലുകള്‍, ഇവന്റുകളുടെ സംഘാടകര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഓഫ്‌ലൈന്‍ വേരിഫിക്കേഷന്‍ നടത്തുന്നതു നിരുല്‍സാഹപ്പെടുത്താന്‍ ഡിസംബറില്‍ ഒരു പുതിയ നിയമം അവതരിപ്പിക്കുന്നത് യുഐഡിഎഐ പരിഗണിക്കുന്നുണ്ടെന്ന് സിഇഒ ഭുവനേഷ് കുമാറാണ് അറിയിച്ചത്. വ്യക്തികളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് അവരുടെ പ്രായപരിശോധന മാത്രം ആധാര്‍ ഉപയോഗിച്ചു നടത്തുന്നതിനു വേണ്ടിയാണ് ഈ മാറ്റം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഡില്‍ ഒരുപാട് വിവരങ്ങള്‍ ആവശ്യമാണോയെന്നാണ് ആലോചിക്കുന്നത്. ഇത്രയും വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പകരം ഒരു ഫോട്ടോയും ഒരു ക്യൂആര്‍ കോഡും മാത്രം മതിയാകുമല്ലോയെന്ന് അദ്ദേഹം ആരായുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *