കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച റാലികള്‍ വീണ്ടും തുടങ്ങാന്‍ വിജയ്, അടുത്ത റാലി സേലത്തെന്ന് ആലോചന

ചെന്നൈ: കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പ്രചാരണം വീണ്ടും തുടങ്ങുന്നതിന് തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് തയാറെടുക്കുന്നു. അടുത്ത മാസം നാലിന് സേലത്ത് പൊതുയോഗം സംഘടിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനായി അനുമതി ലഭിക്കുന്നതിനായി പോലീസ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് താരം. എന്നാല്‍ ഡിസംബര്‍ ആറാം തീയതി ബാബരി ദിനമായതിനാല്‍ കൂടുതല്‍ പോലീസിനെ അതു സംബന്ധമായ ജോലികള്‍ക്ക് നിയോഗിക്കേണ്ടി വരുന്നതിനാല്‍ നാലാം തീയതിയിലെ പൊതുയോഗം മാറ്റിവയ്ക്കണമെന്നാണ് പോലീസ് മറുപടി കൊടുത്തിരിക്കുന്നത്.

സെപ്റ്റംബര്‍ 27ന് കരൂരില്‍ നടന്ന പ്രചാരണ യോഗത്തിനിടെ തിക്കിലം തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ഇതില്‍ വിജയിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതോടെ പ്രചാരണ യോഗങ്ങളും റാലികളും നിര്‍ത്തി വയ്ക്കുകയായിരുന്നു. ഈ കേസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ആണിപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഈയിടെ നടന്ന ടിവികെ ജനറല്‍ ബോഡി യോഗത്തില്‍ റാലികള്‍ പുനരാരംഭിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് ആരാധകര്‍ ഏറെയുള്ള സേലത്ത് റാലിയും പൊതുയോഗവും ചേരാന്‍ വിജയ് തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *