ഡല്‍ഹി സ്‌ഫോടനകേസില്‍ ജമ്മു കാശ്മീര്‍ പോലിസ് പിടികൂടിയവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു, അറസ്റ്റിലായത് ആറുപേര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്കു സമീപം കാര്‍ സ്‌ഫോടനത്തില്‍ പതിനഞ്ചു പേര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റു ചെയ്ത മൂന്നു ഡോക്ടര്‍മാരെയും ഒരു മതപ്രഭാഷകനെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തു. ഡോക്ടര്‍മാരായ മുസമ്മില്‍ ഗനായ്, അദീല്‍ റാത്തര്‍, ഷഹീന സയീദ്, മത പ്രഭാഷകനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വാഗെ എന്നിവരെയാണ് ജമ്മു കാശ്മീര്‍ പോലീസില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

ഇവരെ കൂടി എന്‍ഐഎ കസ്റ്റഡിയിലെടുത്തതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയര്‍ന്നു. അമീര്‍ റാഷിദ് ആലി, ജാസിര്‍ ബിലാല്‍ വാനി (ഡാനിഷ്) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കാര്‍ സ്‌ഫോടനത്തില്‍ ഉപയോഗിച്ച വാഹനം റാഷിദ് അലിയുടെ പേരില്‍ വാങ്ങിയതായിരുന്നു. ഉമര്‍ സ്വയം ചാവേറാകുന്നതിനു മുമ്പ് ഡാനിഷിനെയാണ് ചാവേറാക്കാന്‍ ആലോചിച്ചിരുന്നത്. ഇവര്‍ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന അടുപ്പം വ്യക്തമായതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.

ഒക്ടോബര്‍ പതിനെട്ടിനു രാത്രിയില്‍ ശ്രീനഗര്‍ നഗരത്തിനു പുറത്ത് ജയ്‌ഷെ മുഹമ്മദിന്റെ പോസ്റ്ററുകള്‍ പതിച്ചതായി കണ്ടെത്തിയ ആരിഫ് നിസാര്‍ ദാര്‍ (സാഹില്‍) , യാസിര്‍ ഉല്‍ അഷ്‌റഫ്, മഖ്‌സൂദ് അഹമ്മദ് ദാര്‍ (ഷാഹിദ്) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്ററുകള്‍ ഇവര്‍ക്കു നല്‍കിയത് മതപ്രഭാഷകനായ മൗലവി ഇര്‍ഫാനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളെയും അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് അന്വേഷണം നീളുന്നത്. അതിനു ശേഷമാണ് ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടാകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *