ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയുമായും അദ്ദേഹത്തിന്റെ കമ്പനികളുമായും ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ 1452 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചോദ്യം ചെയ്യലിന് അനില്‍ അംബാനി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടല്‍.
ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അനില്‍ അംബാനിക്ക് ഇഡി രണ്ടു പ്രാവശ്യം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടു തവണയും അത് അവഗണിക്കുന്ന സമീപനമാണ് ഇദ്ദേഹത്തില്‍ നിന്നുണ്ടായത്. അതിനു പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് ഇഡി കടക്കുന്നത്.
ഇതേ കേസില്‍ നേരത്തെ അനില്‍ അംബാനിയുടെ 7500 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നതാണ്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിരിക്കുന്ന മൊത്തം സ്വത്തിന്റെ മൂല്യം 9000 കോടി രൂപയായിട്ടുണ്ട്. അനില്‍ അംബാനിക്ക് നവി മുംബൈ, ചെന്നൈ, പൂനെ, ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങളിലുള്ള ആസ്തികളാണിപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്നത്.

