ന്യൂഡല്‍ഹി: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഉത്തരവ്. വോട്ടര്‍ പട്ടിക പരിഷ്കരണം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ഇനി കേരളത്തിന്റെ കേസ് ഡിസംബര്‍ രണ്ടിനു പരിഗണിക്കും. ഇടപെടേണ്ട ആവശ്യമുണ്ടോയെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.
ഈ വിഷയം തന്നെ തമിഴ്നാടു സര്‍ക്കാരും കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളും ഡിസംബര്‍ ഒന്നിനകം ഇതു സംബന്ധിച്ച സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. എസ്ഐആറിലെ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയ പാര്‍ട്ടികളാണ് കേരളത്തില്‍ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു.
കേരള ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് കേസ് വന്നപ്പോള്‍ പ്രശ്നമൊന്നുമില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ അറിയിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ പറഞ്ഞു. നടപടികള്‍ വേഗത്തില്‍ നടക്കുകയാണ്. ഓരോ നടപടിയും പുരോഗമിക്കുനനു. ആവശ്യമെങ്കില്‍ സത്യവാങ്മൂലം നല്‍കാമെന്നു കമ്മീഷന് കോടതിയില്‍ സന്നദ്ധത അറിയിച്ചു. കമ്മീഷന് പറയുന്നതല്ല കേരളത്തിലെ സാഹചര്യമെന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എതിര്‍വാദം ഉന്നയിച്ചു. അപ്പോഴാണ് തമിഴ്നാടും കേരളവും വെവ്വേറെ സത്യവാങ്മൂലം ഹാജരാക്കാന്‍ കോടതി നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നത്.

