അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ ലെവിസ്റ്റണിൽ കാർ മരത്തിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 24 വയസ്സുകാരൻ മരിച്ചു. വ്യാഴാഴ്ച രാത്രി 8.50-ഓടെ ഗൗലർ റിവർ റോഡിലായിരുന്നു സംഭവം. ക്വീൻസ്ടൗൺ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്.
യുവാവ് ഓടിച്ചിരുന്ന ഹോൾഡൻ സെഡാൻ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഇയാൾ മാത്രമാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.
അപകടത്തെ തുടർന്ന് എമർജൻസി സർവീസ് വിഭാഗവും സൗത്ത് ഓസ്‌ട്രേലിയൻ പൊലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തുടർനടപടികൾക്കായി ഗൗലർ റിവർ റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. ഈ വർഷം സൗത്ത് ഓസ്‌ട്രേലിയൻ റോഡുകളിൽ ജീവൻ നഷ്ടപ്പെടുന്ന 83-ാമത്തെ വ്യക്തിയാണ് ഈ യുവാവെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പൊലീസ് അറിയിച്ചു. അപകടത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

