നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ്; അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപി ചെലവഴിച്ചത് 529 കോടി; കേരളത്തിൽ മുന്നിൽ കോൺഗ്രസ്

ന്യൂഡൽഹി: അടുത്തിടെ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണച്ചെലവ് സംബന്ധിച്ച കണക്കുകൾ പുറത്ത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം ചെലവഴിക്കലിൽ ബിജെപിയാണ് ഏറ്റവും മുന്നിൽ. അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 529.39 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. ഇതിൽ പകുതിയോളവും ചെലവഴിച്ചത് പശ്ചിമ ബംഗാളിലാണ്. 287 കോടി രൂപയാണ് ബംഗാളിൽ മാത്രമായി ബിജെപി ചെലവാക്കിയത്.

എന്നാൽ കേരളത്തിലെ കണക്കുകളിൽ ബിജെപിയേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് കോൺഗ്രസാണ്. കേരളത്തിൽ 105 കോടി രൂപ ചെലവഴിച്ചതായി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ബിജെപി കേരളത്തിൽ 83 കോടി രൂപ ചെലവിട്ടപ്പോൾ, സിപിഎം സമർപ്പിച്ച കണക്ക് 29 കോടി രൂപയാണ്.

അഞ്ച് സംസ്ഥാനങ്ങളിലുമായി കോൺഗ്രസ് ആകെ 249 കോടി രൂപയും സിപിഎം 39 കോടി രൂപയുമാണ് പ്രചാരണങ്ങൾക്കായി ചെലവഴിച്ചത്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് 42 കോടി രൂപ ചെലവിട്ടപ്പോൾ സിപിഎമ്മിന്റെ ചെലവ് എട്ട് കോടി രൂപയായിരുന്നു. അതേസമയം, ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ഇതുവരെ തങ്ങളുടെ ചെലവ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടില്ല.

കേരളത്തിനും പശ്ചിമ ബംഗാളിനും പുറമെ അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അസമിൽ 96 കോടി രൂപയും തമിഴ്നാട്ടിൽ 52 കോടി രൂപയും പുതുച്ചേരിയിൽ 12 കോടി രൂപയുമാണ് ബിജെപി ചെലവഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *