പൊന്നന്താനം ഗ്രാമീണ വായനശാലയിൽ ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു

തൊടുപുഴ: പൊന്നന്താനം ഗ്രാമീണ വായനശാലയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വായനശാലാ അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ മുൻമന്ത്രി പി.ജെ. ജോസഫ് അനാച്ഛാദനം ചെയ്തു. ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും ജനസമൂഹം മറന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ലഹരിയുൾപ്പെടെയുള്ള സാമൂഹ്യതിന്മകളെ ചെറുത്തുതോൽപ്പിക്കാൻ ഗ്രന്ഥശാലകളും സാമൂഹ്യ സാംസ്കാരിക സംഘടനകളും മാധ്യമങ്ങളും സജീവമായി മുന്നോട്ടുവരണമെന്ന് ചടങ്ങിൽ ആഹ്വാനമുണ്ടായി.

പൊന്നന്താനം കവലയിൽ വിശിഷ്ടാതിഥികൾക്ക് നൽകിയ സ്വീകരണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൺവീനർ ഡോ. നിമ്മിജോൺ ജേക്കബ് സ്വാഗതം ആശംസിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് ജി.ഡി.പി. കെ.എൻ. അവാർഡ് ജേതാവിനെ ആദരിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ഷീല സ്റ്റീഫൻ മുഖ്യപ്രഭാഷണവും ഗ്രാമപ്പള്ളി വികാരി ഫാ. ഷാജി പൂത്തറ അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു.

പൊന്നന്താനം പള്ളി വികാരി ഫാ. ജയിംസ് പറപ്പള്ളിൽ, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. മോഹൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മറിയാമ്മ ജോൺ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മൈക്ക് കൃഷ്ണൻ, തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജി വി.വി. എന്നിവർ ആശംസകൾ നേർന്നു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലില്ലി എം.എൻ., ട്രിൻസി ജോർജ്, നിഷ മോഹൻ, കെ.എം. ജോസഫ് എന്നിവരും പ്രൊഫസർ ഷിജു ചാക്കോ, എൻ.സി.സി. കരിങ്കുന്നം പ്രസിഡന്റ് മാത്യു ജോൺ, ജോജി പുരയിടം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. റിട്ട. അധ്യാപിക കെ.വി. മേരിക്കുട്ടി കവിതാപാരായണം നടത്തി. വായനശാല സെക്രട്ടറി സി.എസ്. സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി. ദേശീയഗാനാലാപനത്തോടെ സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *