സിഡ്നി: മൂന്ന് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും വിഷം നൽകുകയും പീഡനദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിക്കുകയും ചെയ്ത കേസിൽ പ്രതിയായ യുവാവിന്റെ വിചിത്രമായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അമ്മ നൽകിയ മുന്നറിയിപ്പ് വിവരങ്ങൾ പുറത്ത്. ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റിലുള്ള ടംബി ഉംബി സ്വദേശിയായ ക്രിസ്റ്റഫർ റൈഡിങ്സ് (39) ആണ് മുൻപ് അറസ്റ്റിലായത്. ഇയാൾ സ്ത്രീകളെ ലൈംഗികമായും ശാരീരികമായും ചൂഷണം ചെയ്യുന്നതിന്റെ 25 ലക്ഷത്തോളം ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തതിനെ തുടർന്നായിരുന്നു നടപടി. 29-നും 31-നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ഏഴ് വർഷത്തോളം ഇയാൾ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് 109 കുറ്റങ്ങൾ, ബലാത്സംഗത്തിന് ഒത്താശ ചെയ്തതിന് 57 കുറ്റങ്ങൾ, സ്വാതന്ത്ര്യം തടഞ്ഞ് ഗുരുതര ലൈംഗികാതിക്രമം നടത്തിയതിന് 12 കുറ്റങ്ങൾ എന്നിവയുൾപ്പെടെ ആകെ 210 കുറ്റങ്ങളാണ് റൈഡിങ്സിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ സമ്മതമില്ലാത്ത ലൈംഗികബന്ധം (10 കുറ്റങ്ങൾ), കൂട്ടബലാത്സംഗം (5 കുറ്റങ്ങൾ), ഗുരുതരമായ കുറ്റകൃത്യം ചെയ്യാനായി തട്ടിക്കൊണ്ടുപോകൽ (4 കുറ്റങ്ങൾ) എന്നിവയും ചുമത്തിയിട്ടുണ്ട്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യൽ, ഉപദ്രവിക്കാൻ ലക്ഷ്യമിട്ട് വിഷം നൽകൽ, 16 വയസ്സിന് താഴെയുള്ള വ്യക്തിക്കെതിരെ അതിക്രമം കാട്ടൽ തുടങ്ങിയ ആരോപണങ്ങളും ഇയാൾക്കെതിരെയുണ്ട്.
റൈഡിങ്സിന്റെ അടുത്ത കുടുംബാംഗങ്ങൾ പിന്തുടരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് അസ്വസ്ഥജനകമായ പോസ്റ്റുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളുടെ അമ്മ “സംയമനം പാലിക്കാൻ” ഉപദേശിച്ച വിവരങ്ങൾ പുറത്തുവന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ടാമതൊരാളെ കൂടി അറസ്റ്റ് ചെയ്തതായി എൻ.എസ്.ഡബ്ല്യു പോലീസ് സ്ഥിരീകരിച്ചു. സെൻട്രൽ കോസ്റ്റിലെ കാൻവാലിലുള്ള വീട്ടിൽ നിന്ന് തിങ്കളാഴ്ച അറസ്റ്റിലായ മാർക്കസ് റോയ് ജോൺ (41) എന്നയാൾക്കെതിരെ മൂന്ന് ബലാത്സംഗക്കുറ്റങ്ങൾ ചുമത്തി. ജാമ്യം നിഷേധിക്കപ്പെട്ട ഇയാളെ ഡിസംബർ 9-ന് വയങ് ലോക്കൽ കോടതിയിൽ ഹാജരാക്കും

