റരോടോംഗ: ഭർത്താവിന്റെ മരണത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച ദക്ഷിണേഷ്യൻ വംശജയായ 49-കാരി കഴിഞ്ഞ മൂന്ന് വർഷമായി പസഫിക് ദ്വീപ് രാഷ്ട്രമായ കുക്ക് ഐലൻഡിൽ കുടുങ്ങിക്കിടക്കുന്നു. 2023 നവംബറിൽ കുക്ക് ഐലൻഡിൽ എത്തിയ ഇവർക്ക് സ്വന്തം രാജ്യത്തേക്ക് തിരികെ പോകാൻ ഓസ്ട്രേലിയ വഴിയോ ന്യൂസിലൻഡ് വഴിയോ ഉള്ള ട്രാൻസിറ്റ് വിസ അനിവാര്യമാണ്. എന്നാൽ ഇരു രാജ്യങ്ങളും ഇവർക്ക് ട്രാൻസിറ്റ് വിസ അനുവദിക്കാൻ തയ്യാറായിട്ടില്ല.
യാത്രയ്ക്കിടെ എയർപോർട്ട് ടെർമിനലിന് വെളിയിലിറങ്ങാതെ തന്നെ കണക്റ്റിംഗ് ഫ്ലൈറ്റിൽ കയറ്റിവിടാൻ സജ്ജീകരണങ്ങൾ ഒരുക്കാമെന്ന് കുക്ക് ഐലൻഡ് ഇമിഗ്രേഷൻ അധികൃതർ ന്യൂസിലൻഡ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി ലഭ്യമായിട്ടില്ല. കുക്ക് ഐലൻഡിൽ തങ്ങാനുള്ള വിസയും ഇല്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് ഇവർ. അതേസമയം, വിഷയത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി കൂടിയാലോചനകൾ നടന്നു വരികയാണെന്ന് ന്യൂസിലൻഡ് ഹൈക്കമ്മീഷണർ കാതറിൻ ഗ്രഹാം വ്യക്തമാക്കി.

