ഓണോത്സവ് 2026ന് വർണാഭമായ സമാപനം; ഓണം നൽകുന്നത് മാതൃകാപരമായ ഗുണപാഠങ്ങളെന്ന് ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ, തൊടുപുഴ നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഓണോത്സവ് 2026’ന് വർണാഭമായ സമാപനം. തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന് മാതൃകാപരമായ ഗുണപാഠങ്ങൾ ഓണ സങ്കൽപം പകർന്നു നൽകുന്നതായി അദ്ദേഹം പറഞ്ഞു. ലോകത്തിനു മുൻപിൽ സമഭാവനയുടെ സന്ദേശം പകർന്നു നൽകുന്ന പകരം വെക്കാനില്ലാത്ത ഉത്സവമാണ് ഓണമെന്നും, നല്ല ഭരണാധികാരിയെക്കുറിച്ചും ഭരണക്രമത്തെക്കുറിച്ചും ഓണം പറഞ്ഞുതരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഓണക്കാലം എല്ലാ വിധത്തിലും സന്തോഷകരമാക്കുന്നതിന് ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാരിനായെന്നും എം.പി കൂട്ടിച്ചേർത്തു.

ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയായിരുന്നു. സമാധാനവും സന്തോഷവും മതമൈത്രിയും നിറഞ്ഞുനിൽക്കുന്ന നാടായി കേരളത്തെ നിലനിർത്തുന്നതിന് ഓണം പോലുള്ള ആഘോഷങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലീംകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, സ്ഥിരം സമിതി അധ്യക്ഷ റംസിയ നിയാസ്, കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പിൽ, ജനറൽ കൺവീനർ പ്രജീഷ് രവി, തൊടുപുഴ ഡി.വൈ.എസ്.പി സജി മാർക്കോസ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, അഡ്വ. ശ്രീവിദ്യ രാജേഷ്, സുരേഷ് ബാബു, പി. എസ്. മോഹൻദാസ്, സാലി എസ്. മുഹമ്മദ്, ജിമ്മി കുര്യൻ, പ്രശാന്ത് കുട്ടപ്പാസ്, ഇ.എ. അഭിലാഷ്, എം.ബി. താജു, ജോർജുകുട്ടി ജോസ് എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനത്തിന് മുന്നോടിയായി വിവിധ കലാരൂപങ്ങൾ അണിനിരന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര അരങ്ങേറി. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര റോയ് കെ. പൗലോസ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഓഗസ്റ്റ് 22 മുതൽ ആരംഭിച്ച ഓണോത്സവത്തിന്റെ ഭാഗമായി മിനി മാരത്തൺ, അത്തപ്പൂക്കള മത്സരം, ഓഫ് റോഡ് റെയ്സ്, ഫുട്ബോൾ ടൂർണ്ണമെന്റ്, വടംവലി മത്സരം, കലാസന്ധ്യ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സമാപന ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *