ആവശ്യങ്ങൾ അംഗീകരിച്ചു;പാലക്കാട് മെഡിക്കൽ കോളേജിലെ, ഹൗസ് സർജൻമാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

പാലക്കാട്: മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൗസ് സർജൻമാർ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. തുളസി നേരിട്ട് ഇടപെട്ട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.

കോളേജ് ഡയറക്ടർ മുഖേന മന്ത്രി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ അധിക ജീവനക്കാരെ നിയമിക്കാനും കാഷ്വാലിറ്റിയിലേക്ക് ആവശ്യമായ എമർജൻസി മരുന്നുകൾ ലഭ്യമാക്കാനും അടിയന്തര നടപടി സ്വീകരിച്ചു. തകരാറിലായിരുന്ന എക്സ്-റേ യൂണിറ്റ് പ്രവർത്തനസജ്ജമാക്കുകയും ലാബ് സൗകര്യം 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ആശുപത്രിയിലെ കിടത്തിച്ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുമെന്നും തുടർപ്രവർത്തനങ്ങളും പോരായ്മകളും വിലയിരുത്താൻ പ്രത്യേക സ്ക്രീനിങ് കമ്മിറ്റി രൂപീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടതിനാൽ സമരം പൂർണ്ണ വിജയമാണെന്നും രോഗികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സമരം പിൻവലിക്കുകയാണെന്നും ഹൗസ് സർജൻമാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *