തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച അനു കുമാരിക്ക് സിവിൽ സ്റ്റേഷനിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. കളക്ടറേറ്റ് സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ കളക്ടർ അനു കുമാരിക്ക് ഉപഹാരം സമ്മാനിച്ചു. ജില്ലാ കളക്ടർ എന്ന നിലയിൽ ജീവനക്കാരുടെയും ജനങ്ങളുടെയും മനസ്സിൽ ഇടംപിടിക്കാൻ അനു കുമാരിക്ക് സാധിച്ചുവെന്നും അവരുടെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ജീവനക്കാർ നൽകിയ പിന്തുണയും അനു കുമാരി മറുപടി പ്രസംഗത്തിൽ അനുസ്മരിച്ചു. സഹാനുഭൂതിയോടെ ജീവനക്കാരെയും ജനങ്ങളെയും സമീപിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും, ഭാഷ പഠിച്ചെടുക്കാനും വിവാദങ്ങളില്ലാതെ പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കാനും സഹപ്രവർത്തകരുടെ സഹകരണം ഏറെ സഹായിച്ചുവെന്നും അവർ പറഞ്ഞു. 32 വർഷത്തെ സേവനത്തിനു ശേഷം റവന്യൂ റിക്കവറി വിഭാഗത്തിൽ ജൂനിയർ സൂപ്രണ്ടായി വിരമിച്ച ജെ. അജിക്കും ചടങ്ങിൽ മന്ത്രി ഉപഹാരം സമ്മാനിച്ചു.

