കൂട്ടത്തോടെയെത്തി മദ്യക്കട കൊള്ളയടിച്ചു; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരനെ കുപ്പി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കൗമാരസംഘം

സിഡ്നി: സിഡ്നിയുടെ അപ്പർ നോർത്ത് ഷോറിലുള്ള മദ്യവ്യാപാര ശാലയിൽ കൂട്ടത്തോടെയെത്തി കവർച്ച നടത്താൻ ശ്രമിച്ച കൗമാരസംഘത്തെ തടയുന്നതിനിടെ അണ്ടർകവർ (രഹസ്യ) പോലീസുകാരന് ക്രൂര മർദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ എട്ടിന് രാത്രി എട്ട് മണിയോടെ ഗോർഡനിലെ ‘ബി.ഡബ്ല്യു.എസ്’ (BWS) മദ്യവ്യാപാര ശാലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുഖംമൂടി ധരിച്ച അഞ്ച് കൗമാരക്കാരാണ് കടയിലേക്ക് അതിക്രമിച്ചു കയറിയത്.

സമീപകാലത്ത് യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ‘സ്വാമിങ്’ (Swarming – വലിയൊരു സംഘം പെട്ടെന്ന് ഒരു കടയിലേക്ക് ഇരച്ചുകയറി സാധനങ്ങൾ കവർന്ന് ഓടി രക്ഷപ്പെടുന്ന രീതി) കവർച്ചാ രീതിയാണ് ഇവർ ഇവിടെയും പ്രയോഗിച്ചത്. എന്നാൽ, മദ്യക്കടകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ തടയാനായി കടയ്ക്കുള്ളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അണ്ടർകവർ പോലീസ് ഉദ്യോഗസ്ഥൻ ഇവരെ തടയാൻ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ സംഘട്ടനത്തിനിടയിലാണ് അക്രമി സംഘത്തിലെ ഒരു കുട്ടി പോലീസുകാരന്റെ തലയ്ക്ക് മദ്യക്കുപ്പി കൊണ്ട് അടിച്ചത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ട് ഭയന്നുപോയെന്ന് പോലീസ് അസോസിയേഷൻ പ്രസിഡന്റ് കെവിൻ മോർട്ടൺ പ്രതികരിച്ചു. ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റെങ്കിലും തലനാരിഴയ്ക്കാണ് ജീവൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കസ്റ്റഡിയിലെടുത്ത അഞ്ച് കൗമാരക്കാരിൽ നാല് പേരെയും കേസെടുക്കാതെ വിട്ടയച്ചതിനെതിരെ പോലീസ് അസോസിയേഷൻ ശക്തമായ പ്രതിഷേധത്തിലാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾ കുറ്റം സമ്മതിക്കേണ്ടി വരുന്നില്ലെന്നും, കേവലം താക്കീത് നൽകി വിട്ടയക്കുന്നതിലൂടെ ഇവർ ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൂടുതൽ പ്രശസ്തി നേടാൻ ശ്രമിക്കുകയാണെന്നും മോർട്ടൺ ആരോപിച്ചു.

അതേസമയം, പോലീസുകാരനെ ക്രൂരമായി ആക്രമിച്ച അഞ്ചാമത്തെ ആൺകുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ ആക്രമിക്കുക, അറസ്റ്റ് തടയാൻ ശ്രമിക്കുക എന്നിവയുൾപ്പെടെയുള്ള നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കിയ ഈ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. പരിക്കേറ്റ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സുഖം പ്രാപിച്ച് ചൊവ്വാഴ്ചയോടെ തിരികെ ജോലിയിൽ പ്രവേശിച്ചു. സോഷ്യൽ മീഡിയ വഴി കുട്ടികളെ റിക്രൂട്ട് ചെയ്താണ് ഇത്തരം കവർച്ചാ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *