പറവൂർ: കാൽനൂറ്റാണ്ടിലേറെയായി തങ്ങളോടൊപ്പം വിശ്വസ്ത ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പി.കെ. ദാസനെയും കുടുംബത്തെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ചേർത്തുനിർത്തി വീട് നിർമ്മിച്ചുനൽകിയ മാനടിയിൽ എം.കെ. സജീവന്റെയും കുടുംബത്തിന്റെയും പ്രവർത്തനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പുനർജനി പദ്ധതിയുടെ ഭാഗമായി തത്തപ്പള്ളിയിൽ താമസിക്കുന്ന ദാസനും കുടുംബത്തിനുമായി മാനടിയിൽ കുമാരൻ ആൻഡ് ജാനകി കുമാരൻ ഫൗണ്ടേഷൻ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളോളം ഒപ്പം നിൽക്കുന്നവരെയും ഒരുമിച്ച് പ്രവർത്തിക്കുന്നവരെയും ഒരിക്കലും മറക്കരുതെന്നും, ദാസനോടും കുടുംബത്തോടുമുള്ള സ്നേഹവും കരുതലും പുതിയ വീട്ടിലൂടെ പ്രകടമാക്കിയ സജീവനും കുടുംബവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാനടിയിൽ ഫൗണ്ടേഷൻ ചെയർമാൻ എം.കെ. സജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്വന്തമായി സ്ഥലവും വീടുമുണ്ടായിരുന്ന ദാസന്റെ വീട് ഒരു വർഷം മുൻപ് ജീർണ്ണാവസ്ഥയിലായതിനെത്തുടർന്ന് പൊളിച്ചുനീക്കേണ്ടി വന്നിരുന്നു. തുടർന്ന് ഭാര്യ ശോഭന നടത്തുന്ന ചെറിയ ചായക്കടയോടു ചേർന്നുള്ള വാടകമുറിയിലായിരുന്നു കുടുംബം കഴിഞ്ഞുകൂടിയിരുന്നത്. ദാസന്റെ ഈ ദുരിതാവസ്ഥ നേരിട്ടറിഞ്ഞ സജീവനും ഭാര്യ സുമനയും ചേർന്ന് മാനടിയിൽ കുമാരൻ ആൻഡ് ജാനകി കുമാരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 12.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വീട് നിർമ്മിച്ച് നൽകിയത്. വീടിനാവശ്യമായ ഫർണിച്ചറുകൾക്ക് പുറമേ വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള അത്യാവശ്യ ഗൃഹോപകരണങ്ങളും ഫൗണ്ടേഷൻ സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, വൈസ് പ്രസിഡന്റ് വി.എച്ച്. ജമാൽ, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമയ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. ശശി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബാലൻ എന്നിവർ പങ്കെടുത്തു.
കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിൻസി വിൻസന്റ്, മഞ്ജു അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. മനോജ്, ലീന ശക്തിധരൻ, കെ.ആർ. പ്രതാപൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ അനീജ ബിജു, പ്രശാന്ത് എസ്., മാനടിയിൽ ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർമാരായ കെ.കെ. അബ്ദുള്ള, പ്രദീപ് തട്ടാമ്പടി, ചലച്ചിത്ര താരം വിനോദ് കെടാമംഗലം എന്നിവരും സന്നിഹിതരായിരുന്നു.

