മനുഷ്യ ശരീരത്തിൻ്റെ ചലനാത്മകതയെ അത്രത്തോളം താളാത്മകമായി പ്രദർശിപ്പിക്കുന്ന ഒറ്റയാൾ നാടകങ്ങളിൽ പ്രധാനപ്പെട്ടതാവുകയാണ് സജിതാ മഠത്തിൽ അവതരിപ്പിച്ച പോഡ്കാസ്റ്റ് ഓപ്പറ. എമിൽ മാധവിയുടെ സംവിധാനത്തിൽ മെൽബണിൽ അരങ്ങേറിയ നാടകം കാണുവാൻ എത്തിയ സദസ്സാകെ നാടകത്തിൻ്റെ വിവിധ രംഗങ്ങളിൽ ഇടകലർന്ന് പങ്കെടുക്കുന്നുണ്ടായിരുന്നു എന്നത് വർത്തമാനകാല നാടകലോകത്തിന് പുത്തൻ അനുഭവമാണ്. ഒറ്റക്ക് ഒരു നാടകം അവതരിപ്പിക്കുകയല്ല മറിച്ച് പ്രേക്ഷകരെ നാടകത്തിനൊപ്പം ചലിപ്പിക്കുകയും കാണികളെയാകെ പങ്കാളികളാക്കുകയും ചെയ്യുന്ന അപൂർവ്വ നാടക പ്രതിഭാസമാണ് മെൽബണിൽ സമത സംഘടിപ്പിച്ച നാടകോത്സവത്തിൽ അരങ്ങേറിയ പോഡ്കാസ്റ്റ് ഓപ്പറ മുന്നോട്ടുവച്ചത്.
യൗവ്വനശേഷം തൻ്റെ അറുപതുകളിൽ ഒരു സ്ത്രീ കടന്നു പോകുന്ന ജീവിതത്തെ പശ്ചാത്തല മാക്കിയൊരുക്കിയ നാടകം അരങ്ങേറുമ്പോൾ കാണികളിൽ അത്ഭുതമുളവാക്കുന്നത് വീക്ഷിക്കാനാവും. സ്ത്രീപക്ഷരാഷ്ട്രീയത്തിൻ്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാണാച്ചരടുകളെ തുറന്നുകാണിക്കുവാൻ നാടകത്തിനാകുന്നു എന്നത് പുതിയ കാലത്തും നാടകങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്ക് പിൻബലമേകുന്നുണ്ട്.
കാറ്റിനെയും വെളിച്ചത്തെയും അരങ്ങിൽ പ്രധാന കഥാപാത്രമായിത്തന്നെ അവതരിപ്പിക്കുന്നത് പുതുമയും കാണികളിൽ അത്യന്തം ആകാംക്ഷയുമുളവാക്കുമെന്നതിൽ സംശയമില്ല. പ്രായഭേദമന്യേ കാണികളെ ആകർഷിക്കുന്ന കളി അരങ്ങായി പോഡ്കാസ്റ്റ് ഓപ്പറ മാറുകയാണ്. യുവത്വവും, മാതൃത്വവും, പ്രാരാബ്ധത യും, പ്രായാധിക്യവും, ജലവും തീയും കാറ്റും, ശങ്കാരവും, കാമവും, ക്രോധവും, വാത്സല്യവും പ്രണയവും എന്നുവേണ്ട മനുഷ്യജീവിതത്തിന്റെ കാമനകളെ സ്പർശിക്കുന്ന വിവിധങ്ങളായ ആഖ്യാനങ്ങളുടെ സങ്കേതമായി നാടകം മാറുന്നു എന്ന് കാണാം.
എമിൽ മാധവിയുടെ സംവിധാന മികവും, തീവ്രവും മനസ്സിൽ സ്പർശിക്കുന്നതുമായ സംഭാഷണവും സജിത മഠത്തിൽ എന്ന അഭിനേത്രിയുടെ മികച്ച അഭിനയ പാടവവും നാടകത്തിന്റെ ഒഴുക്കും ഗാംഭീര്യവും വർദ്ധിപ്പിക്കു ന്നതായി കാണാം. നാടകവേദിയുടെ മുന്നിലിരിക്കുന്ന പ്രേക്ഷകരെല്ലാം അറിയാതെ തന്നെ നാടകത്തിലെ കഥാ പാത്രമാകുന്ന അത്യപൂർവ്വ കാഴ്ചക്ക് സദസ്സാകെ സാക്ഷിയാകുന്നു.
ബംഗാൾ സംസ്കാരവും മലയാളക്കരയിലെ സ്ത്രീ ജീവിതവും ഒപ്പം പ്രവാസ ജീവിതവും കോർത്തിണക്കിയാണ് എമിൽ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാം. ഇത്തരത്തിൽ മനുഷ്യജീവിതത്തിൻ്റെ സർവ്വതല സ്പർശിയായി ഒരു മണിക്കൂർ കാണികളെ തട്ടിയും തലോടിയും സ്പര്ശിച്ചും അവരറിയാതെ കഥാപാത്രങ്ങളാക്കിയും വേദി കൈയ്യടക്കുകയാണ് പോഡ്കാസ്റ്റ് ഓപ്പറ.
അരങ്ങത്ത് : സജിത മഠത്തിൽ അണിയറയിൽ : എമിൽ മാധവി

