സിഡ്നി: ഓസ്ട്രേലിയയിലെ പുതുതലമുറയിലേക്ക് മാതൃഭാഷയും പാരമ്പര്യവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ റിവർസ്റ്റോൺ ആൻഡ് ഗ്രാൻ്റം ഫാം അസോസിയേഷൻ ഓഫ് മലയാളീസിന്റെ (RAGAM) നേതൃത്വത്തിൽ ‘ഗുരുകുലം’ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. “നമ്മുടെ ഭാഷ… നമ്മുടെ സംസ്കാരം… നമ്മുടെ അഭിമാനം…” എന്ന സന്ദേശമുയർത്തി ആരംഭിക്കുന്ന ഈ ഭാഷാപഠന പദ്ധതി 2026 സെപ്റ്റംബർ മുതൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങും.
ഓസ്ട്രേലിയയിലെ പ്രാദേശിക കൗൺസിലുകളുമായി ചേർന്ന് ലൈബ്രറികളിൽ മലയാള പുസ്തകങ്ങൾ ലഭ്യമാക്കാനും, കുട്ടികൾക്കായി മലയാള പാഠശാലകൾ സംഘടിപ്പിക്കാനും നിരവധി സംഘടനകളും പ്രവാസികളും സജീവമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ മലയാളം സ്കൂളുകൾ ഔദ്യോഗികമായി ആരംഭിക്കുന്നതിനും, അവയെ ഒരു പൊതു സംഘടനയുടെ കീഴിൽ ഏകോപിപ്പിച്ച് ചിട്ടയായ ഘടനയിലേക്ക് കൊണ്ടുവരാനുമുള്ള വിപുലമായ ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പം കേരളീയ സംസ്കാരം പകർന്നുനൽകാനും ‘രാഗം’ ഒരുക്കുന്ന ഗുരുകുലം ക്ലാസുകൾ വലിയ മുതൽക്കൂട്ടാകും.
‘ഗുരുകുലം’ മലയാളം ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബിജു (0450 599 569), ഗിരീഷ് (0466 392 000) എന്നിവരുമായി ബന്ധപ്പെടുക

