ന്യൂഡൽഹി: പ്രമേഹ ചികിത്സാരംഗത്ത് പുതിയ മുന്നേറ്റമായി, ആഴ്ചയിൽ ഒരിക്കൽ മാത്രം കുത്തിവെച്ചാൽ മതിയാകുന്ന ലോകത്തിലെ ആദ്യ ബേസൽ ഇൻസുലിനായ ‘അവീക്ലി’ (Awiqli / insulin icodec) ഇന്ത്യയിൽ അവതരിപ്പിച്ചു. ഡാനിഷ് ഔഷധനിർമാതാക്കളായ നോവോ നോർഡിസ്കാണ് മരുന്ന് വിപണിയിലെത്തിച്ചത്. ഇതോടെ ഇത്തരം ഇൻസുലിൻ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂർത്തിയായ രോഗികൾക്കായാണ് ഈ ദീർഘപ്രവർത്തന ഇൻസുലിൻ വികസിപ്പിച്ചിരിക്കുന്നത്. ദിവസേന 365 ഇൻസുലിൻ കുത്തിവെപ്പുകൾക്കു പകരം വർഷത്തിൽ 52 കുത്തിവെപ്പുകൾ മാത്രം മതിയാകുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് ചികിത്സയോടുള്ള രോഗികളുടെ അനുസരണശീലം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കമ്പനി പറയുന്നു.
എന്നാൽ എല്ലാ പ്രമേഹരോഗികൾക്കും ഈ ഇൻസുലിൻ അനുയോജ്യമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രോഗിയുടെ ആരോഗ്യനിലയും ചികിത്സാ ആവശ്യകതയും വിലയിരുത്തിയ ശേഷമേ ഇത് ഉപയോഗിക്കാവൂ. നിലവിലുള്ള ദിവസേനയുള്ള ഇൻസുലിൻ ചികിത്സയെ പൂർണമായും മാറ്റിസ്ഥാപിക്കുന്ന മരുന്നല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

