മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ ഒൻപത് കോടി രൂപയുടെ വിവിധ ക്ഷേമ-വികസന പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) അംഗീകാരം നൽകി. പ്ലാൻ ഫണ്ടിലെ 12 കോടി രൂപയ്ക്ക് പുറമേയാണിത്. സി.എഫ്.സി ഗ്രാന്റ് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളിൽ യാതൊരുവിധ വിവേചനവുമില്ലെന്നും, എല്ലാ വാർഡുകളെയും ജനവിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ച് നഗരത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി വ്യക്തമാക്കി. വാർഡ് അടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തി നീതിപൂർവമായ സമീപനത്തോടെയാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളതെന്നും ജനക്ഷേമത്തിനാണ് മുൻഗണനയെന്നും അവർ കൂട്ടിച്ചേർത്തു.
നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിവിധ വാർഡുകളിലായി 50 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. മാലിന്യസംസ്കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള എഫ്.എസ്.ടി.പി പദ്ധതിക്കായി നാല് കോടി രൂപയും അനുവദിച്ചു. മാലിന്യസംസ്കരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം പുഴ മലിനീകരണം തടഞ്ഞ് ശുദ്ധജല സംരക്ഷണം ഉറപ്പാക്കാനും എഫ്.എസ്.ടി.പി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ശോച്യാവസ്ഥയിലുള്ള റോഡുകളുടെ അടിയന്തര നവീകരണത്തിനായി 90 ലക്ഷം രൂപയുടെ പദ്ധതിക്കും ഡി.പി.സി അംഗീകാരം നൽകിയിട്ടുണ്ട്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സത്രം കോംപ്ലക്സ്, പേ വാർഡ് കോംപ്ലക്സ്, കച്ചേരിത്താഴം കോംപ്ലക്സ്, കോടതി കോംപ്ലക്സ് എന്നീ പ്രധാന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി 81 ലക്ഷം രൂപ വകയിരുത്തി. നഗരസഭയുടെ വരുമാനം വർധിപ്പിക്കുന്നതിനും നിലവിലുള്ള ആസ്തികൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുമായി ‘അർബൻ ഹട്ട്’ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കാൻ 30 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരമായി.
വിവിധ വാർഡുകളിൽ പുതിയ അങ്കണവാടികൾ നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങാൻ 25 ലക്ഷം രൂപയും, ഭവനരഹിതർക്ക് വീട് വെച്ചുനൽകുന്നതിനും വഴിയോരങ്ങളിലെ ഓടകൾക്ക് കവറിങ് സ്ലാബുകൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികൾക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കുടിവെള്ളം, റോഡ്, ശുചിത്വം, പാർപ്പിടം, പൊതുസൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ പദ്ധതികൾ വഴിയൊരുക്കും.

